ഏനാദിമംഗലം ടാര്‍ മിക്സിങ് പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്നത് കാര്‍ബണ്‍ മോണോക്സൈഡ്: അമിതമായാല്‍ പ്രകൃതിയുടെ സര്‍വനാശത്തിന് കാരണമാകും: ജീവജാലങ്ങള്‍ നിത്യരോഗികളാകും
അടൂര്‍: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ വരുന്ന ടാര്‍ മിക്സിങ് യൂണിറ്റിനെ എന്തു കൊണ്ടാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്? അത് അന്തരീക്ഷ മലിനീകരണം തന്നെയാണ്. അത്യാധുനിക പ്ലാന്റ് ആയതിനാല്‍ മലിനീകരണം ഉണ്ടാകില്ലെന്ന് വച്ചു തള്ളുവരുണ്ട്. ശബ്ദമില്ലാതെ ചെണ്ട കൊട്ടുന്നുവെന്ന് പറയുന്നതിന് സമാനമാണ് ഈ ന്യായീകരണം. ടാര്‍ മിക്സിങ് പ്ലാന്റ് അഥവാ ബിറ്റുമിന്‍ ഹോട്ട് മിക്സിങ് പ്ലാന്റ് ദിവസവും പുറന്തള്ളുന്നത് കാര്‍ബണ്‍ മോണോക്സൈഡ് അടക്കമുള്ള വിഷവാതകമാണ്. ഇത് വായുവിലേക്ക് ലയിക്കുന്നത് വഴി അന്തരീക്ഷത്തിനും ജീവനജാലങ്ങള്‍ക്കും സര്‍വ നാശമുണ്ടാകും.
അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് പിന്തള്ളി കാര്‍ബണ്‍ മോണോക്സൈഡ് ശ്വാസകോശത്തിലേക്ക് കടക്കുന്നത് പല വിധ അസുഖങ്ങള്‍ക്കും കാരണമാകും. കോവിഡ് പോലെയുള്ള രോഗം ബാധിച്ചവരുടെ നില കൂടുതല്‍ വഷളാകാനും മരണത്തിലേക്ക് എത്തിക്കാനും ഈ വാതകം കാരണമാകും. അന്തരീക്ഷ മലിനീകരണം ത്വക് രോഗങ്ങള്‍ക്കും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകാം. കുമ്പനാട് കടപ്രയില്‍ സ്ഥാപിച്ച പ്ലാന്റ് ഇതിന് ഉദാഹരണമാണ്. കുട്ടികള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ മറ്റ് അസുഖം എന്നിവയുള്ളവര്‍ക്ക് പ്ലാന്റ് വളരെയധികം ദോഷം ചെയ്യും. പ്ലാന്റ് പ്രവര്‍ത്തിക്കുമ്പോള്‍ പതിനായിരക്കണക്കിന് ലിറ്റര്‍ ജലം വേണ്ടി വരും. ഇത് ഭൂഗര്‍ഭ ജലചൂഷണത്തിനിടയാക്കും. പ്ലാന്റില്‍ നിന്ന് ഉയരുന്ന പുകയ്ക്കൊപ്പം പോകുന്ന പൊടിപടലങ്ങളില്‍ ബിറ്റുമിന്‍ മിക്സിന്റെ അംശവും അവശിഷ്ടവും ഉണ്ടാകും. ഇത് കിണറുകളെയും മറ്റ് ജലസ്രോതസുകളെയും മലിനമാക്കും. ജലദൗര്‍ലഭ്യം കൂടുതലായുള്ള പ്രദേശമാണ് ഏനാദിമംഗലം. ജലചൂഷണവും മലിനീകരണവും കാര്‍ഷിക മേഖല തകര്‍ക്കും.
പ്ലാന്റിന് സമീപത്തായി നഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ വരെയുണ്ട്. വിഷവാതകം ശ്വസിച്ച് പഠനം നടത്താന്‍ തങ്ങളുടെ കുട്ടികളെ രക്ഷിതാക്കള്‍ അനുവദിക്കില്ല.
ഭക്ഷ്യപാര്‍ക്കില്‍ കൊണ്ടു വന്ന് ടാര്‍ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നത് നിലവില്‍ ഇവിടെയുള്ള ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് ഭീഷണിയാകും. അവര്‍ വ്യവസായം ഉപേക്ഷിച്ച് പോകും. ക്രമേണെ ഇവിടം രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്കായി തീറെഴുതും. പ്ലാന്റില്‍ നിന്നുള്ള മലിനീകരണ ഭീഷണി കാരണം സമീപ പ്രദേശങ്ങളിലെ ഭൂമിയുടെ വിലയും ഇടിയും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ സമരം നടത്തുന്നത്.
Your comment?