ഇന്ത്യയ്ക്കെതിരെ കൗണ്ടി സിലക്ട് ഇലവനായി കളത്തിലിറങ്ങിയ രണ്ട് ഇന്ത്യന്‍ താരങ്ങളും പരുക്കേറ്റ് ടീമിനു പുറത്ത്

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിലെ പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ കൗണ്ടി സിലക്ട് ഇലവനായി കളത്തിലിറങ്ങിയ രണ്ട് ഇന്ത്യന്‍ താരങ്ങളും പരുക്കേറ്റ് ടീമിനു പുറത്ത്. കഴിഞ്ഞ ദിവസം പരുക്കേറ്റ ആവേഷ് ഖാനു പിന്നാലെ സ്പിന്നര്‍ വാഷിങ്ടന്‍ സുന്ദറും പരുക്കേറ്റ് പുറത്തായി. ഇതോടെ, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമില്‍നിന്ന് പരുക്കേറ്റ് പുറത്തായ താരങ്ങളുടെ എണ്ണം മൂന്നായി. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് പരുക്കേറ്റ് ടീമിനു പുറത്തായ ആദ്യ താരം. ഗില്‍ കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
കൈവിരലിനു സംഭവിച്ച പരുക്കാണ് വാഷിങ്ടന്‍ സുന്ദറിനും ആവേഷ് ഖാനും തിരിച്ചടിയായത്. പരിശീലന മത്സരത്തില്‍ കൗണ്ടി സിലക്ട് ഇലവനു വേണ്ടി കളിക്കേണ്ടിയിരുന്ന ഇംഗ്ലിഷ് താരങ്ങളില്‍ ചിലര്‍ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കം മൂലം ഐസലേഷനിലായതോടെയാണ് സുന്ദറും ആവേഷ് ഖാനും എതിര്‍ ടീമിനു വേണ്ടി കളിക്കാനിറങ്ങിയത്. പരിശീലന മത്സരത്തില്‍ 11 താരങ്ങളെ ഇറക്കാനുള്ള ബുദ്ധിമുട്ട് ഇംഗ്ലിഷ് ബോര്‍ഡ് അറിയിച്ചതോടെയാണ് രണ്ട് ഇന്ത്യന്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ ബിസിസിഐ തയാറായത്.
ഇതോടെ, ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇരു താരങ്ങളുടെയും സേവനം ലഭിക്കില്ല. അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ശുഭ്മന്‍ ഗില്ലിന് പകരക്കാരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നെങ്കിലും അവര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. രണ്ടു താരങ്ങള്‍ക്കു കൂടി പരുക്കേറ്റതോടെ ഇംഗ്ലണ്ടിലേക്ക് പകരക്കാരെ അയയ്ക്കാന്‍ ബിസിസിഐ തയാറാകുമോ എന്ന് വ്യക്തമല്ല.
Your comment?