ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് വയ്ക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി ക്രമങ്ങള്‍ ഒന്നൊന്നായി പാലിക്കണം
ഏനാദിമംഗലം:ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കില്‍ കലഞ്ഞൂര്‍ മധു ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെതിരേ സമരം തുടങ്ങിയപ്പോള്‍ ചില നേതാക്കളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആഞ്ഞു തള്ളിയ തള്ളുകളില്‍ ഒന്നായിരുന്നു ഇത്. പക്ഷേ, കഴിഞ്ഞ ദിവസം ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തള്ളെല്ലാം ഖുദാ ഹവാ! വ്യവസായ പാര്‍ക്കിലായാലും പാറപ്പുറത്തായാലും ടാര്‍ മിക്‌സിങ് പ്ലാന്റ് പോലെ മലിനീകരണം ഉണ്ടാക്കുന്ന വസ്തു സ്ഥാപിക്കുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചേ മതിയാകൂ.
എന്തൊക്കെയാണ് പ്ലാന്റ് ഉടമ ചെയ്യേണ്ടത് എന്ന് സൂചിപ്പിക്കുന്ന പട്ടിക അക്കമിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ആര്‍ഡിഓ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്ലാന്റ് ഉടമ കലഞ്ഞൂര്‍ മധുവിന് കൈമാറി. ഇതില്‍ പബ്ലിക് ഹിയറിങ് അടക്കമുള്ള കാര്യങ്ങളുണ്ട്. രാജസ്ഥാനില്‍ നിന്ന് കൊണ്ടു വന്ന മെഷിനറികള്‍ പ്ലാന്റ നിര്‍മിക്കുന്ന സ്ഥലത്ത് ഇറക്കി വയ്ക്കാന്‍ കോടതിയില്‍ നിന്ന് കലഞ്ഞൂര്‍ മധു പൊലീസ സംരക്ഷണത്തിന് ഉത്തരവ് നേടിയിരുന്നു. എന്നാല്‍, ജനങ്ങളെ ബോധവല്‍ക്കരിക്കാതെ പ്ലാന്റ് സ്ഥാപിക്കല്‍ നടക്കില്ലെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായമായി മുന്നോട്ടു വന്നത്.
ബലപ്രയോഗത്തിലൂടെ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴി വയ്ക്കും. പ്രാദേശിക സിപിഎം നേതൃത്വം പ്ലാന്റിന് എതിരാണെങ്കിലും ഏരിയാ-ജില്ലാ കമ്മറ്റികള്‍ അനുകൂലമാണ്. ബിജെപിയുടെയും സിപിഐയുടെയും പിന്തുണ സമരത്തിനുണ്ട്. ഇവിടെ ഇത്രയും വലിയ സമരം നടന്നിട്ടും ഒന്നും അറിയാത്തതു പോലെയാണ് കോണ്‍ഗ്രസുകാര്‍ നില കൊള്ളുന്നത്. പ്ലാന്റിനെ അനുകൂലിച്ചോ ഒരു പ്രസ്താവന പോലും നടത്താന്‍ നേതാക്കള്‍ തയാറായിട്ടില്ല. എന്തെങ്കിലും ചെറിയ വിഷയം വന്നാല്‍പ്പോലും ചാനല്‍ ചര്‍ച്ചയ്ക്കും സോഷ്യല്‍ മീഡിയ പ്രചാരണത്തിനും മുന്നിട്ടു നില്‍ക്കുന്ന കെപിസിസി സെക്രട്ടറി പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം എന്നിവരൊന്നും തങ്ങളുടെ നാട്ടില്‍ നടക്കുന്ന ഈ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്നത് സംശയാസ്പദമാണ്.
Your comment?