സാധനങ്ങളും വന്‍ തുകയും തട്ടിയെടുത്ത 121 ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനിയുടെ വെയര്‍ഹൗസുകള്‍ കണ്ടെത്തി: അടൂര്‍ സ്വദേശി ബിന്ദുവിനും വന്‍ നഷ്ടമുണ്ടായി

ദുബായ്: മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളും വന്‍ തുകയും തട്ടിയെടുത്ത 121 ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനിയുടെ വെയര്‍ഹൗസുകള്‍ കണ്ടെത്തി. എന്നാല്‍, ഉടമകളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സര്‍വീസ് ചാര്‍ജായി ആളുകള്‍ നല്‍കിയ വന്‍തുകയുമായി ഇവര്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്. അജ്മാന്‍, ഷാര്‍ജ വ്യവസായമേഖലയായ സജ, ദുബായിലെ അല്‍ ബര്‍ഷ എന്നിവിടങ്ങളിലാണ് വെയര്‍ ഹൗസുകള്‍. ഇവിടെ ആളുകള്‍ നല്‍കിയ കാര്‍ട്ടണുകള്‍ കണ്ടെത്തിയെങ്കിലും വിലപിടിപ്പുള്ള സാധനങ്ങള്‍ പലതും നഷ്ടപ്പെട്ടതായാണ് സംശയം.
ബര്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന 121 കാര്‍ഗോ കമ്പനി പൂട്ടിയാണ് ഏതാണ്ട് ഒരു മാസം മുന്‍പ് ഉടമസ്ഥരായ പാക്കിസ്ഥാന്‍, ബെംഗളൂരു, ഹൈദരാബാദ് സ്വദേശികള്‍ സ്ഥലം വിട്ടത്. വന്‍ ആസൂത്രണപ്രകാരമാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. പാക്കിസ്ഥാന്‍ സ്വദേശിയാണ് സംഘത്തലവന്‍. ലീഫ് ലെറ്റില്‍ നല്‍കിയിരുന്ന ബിസിനസ് ബേ കെട്ടിടത്തിലെ ഓഫീസ് വ്യാജമാണെന്നു പിന്നീട് തിരിച്ചറിഞ്ഞു. വിലപിടിപ്പുള്ള സാധനങ്ങളും പണവും തട്ടിയെടുത്ത് വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാളികളടക്കം ഉപയോക്താക്കളില്‍ പലരും ബര്‍ ദുബായ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നീട്, ഉപയോക്താക്കള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വെയര്‍ഹൗസ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
കഴിഞ്ഞദിവസം ഉഡുപ്പി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം കമ്പനി ജീവനക്കാരിലൊരാളെ പിടികൂടിയപ്പോഴാണ് വെയര്‍ ഹൗസുകളെ കുറിച്ച് വിവരം ലഭിച്ചത്. മൂന്ന് വെയര്‍ഹൗസുകളിലും ആയിരത്തോളം വീതം കാര്‍ട്ടണുകളുണ്ടായിരുന്നു. വിവരം പൊലീസില്‍ അറിയിക്കുകയും അധികൃതരുടെ നിര്‍ദേശത്തോടെ ചില ഉപയോക്താക്കള്‍ എത്തി തങ്ങളുടെ പെട്ടി തുറന്നുനോക്കിയപ്പോള്‍ ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടുസാധനങ്ങള്‍, ഫോണുകള്‍, കംപ്യൂട്ടറുകള്‍ അടക്കമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. താന്‍ ആകെ 9 കാര്‍ട്ടണുകളിലായി സാധനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇതില്‍ 2 എണ്ണം കണ്ടെത്താനായില്ലെന്നും മംഗലാപുരം ഉഡുപ്പി സ്വദേശി ആസിഫ്പറഞ്ഞു.
മിക്കതിലും ഭക്ഷ്യോത്പന്നങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ മാത്രമേയുള്ളൂ. നാട്ടിലേയ്ക്ക് എത്തിക്കാന്‍ വിലപിടിപ്പുള്ള ഫോണ്‍ കാര്‍ഗോയെ ഏല്‍പിച്ച സൗദി പൗരന്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തി കാര്‍ട്ടണ്‍ തുറന്നുനോക്കിയപ്പോള്‍ ഫോണ്‍ ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം നിരാശയോടെ തിരിച്ചുപോയി. നാളെ എയര്‍വേ ബില്ലുകള്‍ അടക്കമുള്ള രേഖകള്‍ സഹിതം സ്ഥലത്തെത്തിയാല്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ തുറന്നുനോക്കാവുന്നതാണ്. ഇതിനായി ബന്ധപ്പെടേണ്ട നമ്പര്‍- +971 55 782 3446 (ആസിഫ്), +971 55 449 3266 (തന്‍വീര്‍ ഷെയ്ഖ്), +971 56 591 9806 (ഷിറാസ്).
കപ്പല്‍ മാര്‍ഗം കുറഞ്ഞ നിരക്കിന് ഇന്ത്യയിലേയ്ക്ക് സാധനങ്ങളയക്കാം എന്ന പരസ്യം കണ്ടാണ് പലരും മാസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ സാധനങ്ങള്‍ ഈ കാര്‍ഗോയെ ഏല്‍പിച്ചത്. ഇന്ത്യയിലേയ്ക്ക് കിലോ ഗ്രാമിന് നാലു ദിര്‍ഹമായിരുന്നു നിരക്ക്. മറ്റു കാര്‍ഗോ കമ്പനികള്‍ കിലോ ഗ്രാമിന് 6 ദിര്‍ഹമാണ് ഈടാക്കുന്നത്. കൂടിയത് 40 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ ഉപയോക്താക്കളുടെ വീടുകളില്‍ ഏല്‍പിച്ച സാധനങ്ങള്‍ ഡെലിവറി ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും രണ്ടു മാസമായിട്ടും പലരുടെയും സാധനങ്ങളെത്താത്തിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ വിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായിരുന്നു. കാര്‍ഗോ ഡെലിവറി ചെയ്തവരുടെ മൊബൈല്‍ ഫോണുകളിലേയ്ക്ക് വിളിച്ചപ്പോള്‍ സ്വിച് ഡ് ഓഫുമാണ്.
പിന്നീട് ബര്‍ ദുബായിലെ സ്ഥാപനങ്ങളില്‍ ചെന്ന് നോക്കിയപ്പോള്‍ പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്ന് ഉപയോക്താക്കളിലൊരാളായ തിരുവനന്തപുരം സ്വദേശി അമ്പിളി പറഞ്ഞു. സ്ഥാപനത്തിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വഞ്ചിക്കപ്പെട്ടവരുടെ കദനകഥകളാണ് കമന്റ് ബോക്‌സില്‍ നിറഞ്ഞുനില്‍ക്കുന്നത്.
മകള്‍ക്കയച്ച കംപ്യൂട്ടര്‍ ഉണ്ടാകുമോ എന്ന ആശങ്കയില്‍ ഡി.ജോയ്
മകള്‍ക്ക് കംപ്യൂട്ടര്‍ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും പുസ്തകങ്ങളും മറ്റുമടക്കം 50 കിലോഗ്രാം സാധനങ്ങളാണ് നാട്ടിലേയ്ക്കയക്കാന്‍ വേണ്ടി പത്തനംതിട്ട ഡി.ജോയ് 121 കാര്‍ഗോയെ ഏല്‍പിച്ചിരുന്നത്. മേയ് 19ന് പെരുന്നാള്‍ അവധിക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ റിസപ്ഷനില്‍ കണ്ട പരസ്യം കണ്ടായിരുന്നു കാര്‍ഗോയെ ബന്ധപ്പെട്ടത്. ആയിരം ദിര്‍ഹത്തോളം കാര്‍ഗോ ചാര്‍ജ് കൊടുത്തു. ഒരു മാസത്തിനുള്ളില്‍ സാധനമെത്തിക്കും എന്നായിരുന്നു ഉറപ്പു നല്‍കിയിരുന്നത്. ഒരാഴ്ച കഴിഞ്ഞ് ഒരാള്‍ വിളിച്ച് സാധനങ്ങള്‍ എല്ലാം അയച്ചിട്ടുണ്ടെന്നും ജൂണ്‍ 10 ആകുമ്പോള്‍ നാട്ടിലെത്തും എന്നും പറഞ്ഞു. 15 വരെ സാധനങ്ങള്‍ കിട്ടാതായപ്പോള്‍ പരസ്യത്തില്‍ കണ്ട് ആദ്യം വിളിച്ച കാര്‍ഗോയുടെ ആളെ വിളിച്ചു. അയാളുടെയും അന്ന് സാധനങ്ങള്‍ എടുക്കുവാന്‍ വന്നവരുടെയും ഫോണ്‍ സ്വിച് ഡ് ഓഫ് ആയിരുന്നു. കമ്പനി ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല.
ഇന്റര്‍നെറ്റില്‍ പരതിയപ്പോള്‍ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇതേ അനുഭവം ഉള്ള പലരും പരാതി പറയുന്നത് കണ്ടു. പിന്നീട് ബര്‍ ദുബായ് റഫാ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ കാര്‍ഗോ കമ്പനിയുടെ ആള്‍ക്കാര്‍ ഇവിടെനിന്നു കടന്നുകളഞ്ഞതായി അധികൃതര്‍ മറുപടി നല്‍കി. താല്‍ക്കാലിക റജിസ്‌ട്രേഷനില്‍ ആയിരുന്നു കാര്‍ഗോ പ്രവര്‍ത്തിച്ചിരുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട അടൂര്‍ സ്വദേശി ബിന്ദുവിനും വന്‍ നഷ്ടമുണ്ടായി. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് ഷാര്‍ജയിലേയ്ക്ക് താമസം മാറിയപ്പോള്‍ കുറേ സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയക്കാമെന്ന് കരുതിയാണ് ഈ കാര്‍ഗോ സ്ഥാപനവുമായി ബന്ധപ്പെട്ടത്. വഴിയരികില്‍ നിന്ന് ലഭിച്ച ലീഫ് ലെറ്റിലെ നമ്പരില്‍ കുറഞ്ഞ നിരക്ക് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ഹിന്ദി സംസാരിക്കുന്ന ഒരു യുവാവും മലയാളം സംസാരിക്കുന്ന മറ്റൊരു യുവാവും വന്ന് മാര്‍ച്ച് 15ന് സാധനങ്ങളെടുത്തു പോയി.
നാട്ടിലെ വീട്ടിലേയ്ക്കുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളും വീട്ടുപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. സേവന നിരക്ക് 500 ദിര്‍ഹംവാങ്ങിയാണ് ആയിരങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ കൊണ്ടുപോയത്. 30 മുതല്‍ 40 ദിവസത്തിനകം സാധനങ്ങള്‍ നാട്ടിലെത്തിക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, 2 മാസമായിട്ടും സാധനങ്ങളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മാസം മുന്‍പ് സ്ഥാപനത്തിലേയ്ക്ക് ഫോണ്‍ വിളിച്ചപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.
മൊബൈല്‍ ഫോണിലും ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടതായി മനസിലായി. നാട്ടിലേയ്ക്ക് കൊണ്ടുപോകാനായി ഏറെ കാലമായി വാങ്ങി വച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങളാണ് ഇവര്‍ക്ക് നഷ്ടമായത്. ഇതുപോലെ ആയിരക്കണക്കിന് പേര്‍ സാധനങ്ങളയച്ചിരുന്നു എന്നാണ് വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്ന കാര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍, എന്തൊക്കെ നഷ്ടപ്പെട്ടു എന്നറിയാന്‍ ഇവര്‍ക്ക് നാളെ വരെ കാത്തിരിക്കണം.
Your comment?