യുക്രെയ്‌നെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇംഗ്ലണ്ട് സെമിയില്‍

റോം: ലോകമെമ്പാടുമുള്ള ഇംഗ്ലണ്ടിന്റെ ആരാധകര്‍ക്ക് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാനൊരു വിജയം. 4 ഗോളുകള്‍. അതില്‍ മൂന്നും ഹെഡറുകള്‍. ഇംഗ്ലിഷ് താരങ്ങളുടെ ഹെഡിങ് വൈഭവത്തില്‍ മുന്‍ സൂപ്പര്‍ താരം ആന്ദ്രേ ഷെവ്‌ചെങ്കോവിന്റെ പരിശീലകച്ചിറകില്‍ വന്‍വിജയങ്ങള്‍ മാത്രം ശീലിച്ചെത്തിയ യുക്രെയ്ന്‍ മറുപടിയില്ലാതെ കീഴടങ്ങി. ഇംഗ്ലണ്ട് -4, യുക്രെയ്ന്‍ -0. ഒളിംപിക് സ്റ്റേഡിയത്തിലെ ആരവങ്ങള്‍ക്കു നടുവിലൂടെ ഇംഗ്ലണ്ട് ഇതാ യൂറോ കപ്പ് ഫുട്‌ബോള്‍ സെമിയിലേക്ക്. ഇംഗ്ലിഷുകാരുടെ സ്വന്തം ലണ്ടന്‍ ന്യൂവെംബ്ലി സ്റ്റേഡിയത്തില്‍, ഡെന്‍മാര്‍ക്കിനെതിരെ ബുധനാഴ്ച രാത്രി 12.30നാണ് ഇംഗ്ലണ്ടിന്റെ സെമിപോരാട്ടം.
ഇംഗ്ലണ്ട് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിയില്‍ എത്തുന്നത് 25 വര്‍ഷത്തിനിടെ ആദ്യമാണ്. 4-ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഗോള്‍വര്‍ഷം തുടങ്ങി. റഹിം സ്റ്റെര്‍ലിങ് യുക്രെയ്ന്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ മിന്നല്‍ ഷോട്ട്. യുക്രെയ്ന്‍ ഗോളി ഹിയറി ബുഷാനു പൊസിഷനിലാകാന്‍ പോലും സമയം കിട്ടും മുന്‍പേ പന്ത് വലയില്‍ (1-0). ആദ്യപകുതിയില്‍ പിന്നീട് പ്രതിരോധിച്ചു കളിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ശൈലി മാറ്റി ആക്രമണം തുടങ്ങി.
രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ത്തന്നെ ഹാരി കെയ്‌നെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക്. ലൂക്കാ ഷാ ഉയര്‍ത്തിവിട്ട പന്തില്‍ ബോക്‌സിനുള്ളില്‍ യുക്രെയ്ന്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് ഉയര്‍ന്നുചാടിയ ഹാരി മഗ്വയറിന്റെ ഹെഡര്‍ (2-0). 4 മിനിറ്റിനകം കെയ്ന്‍ ഡബിള്‍ തികച്ചു. ഇത്തവണ, സ്റ്റെര്‍ലിങ് ലൂക്ക് ഷായുടെ നേര്‍ക്കു നല്‍കിയ ബാക്ക് ഹീല്‍ പാസായിരുന്നു ഗോളിലേക്കുള്ള വഴി. ബോക്‌സിലേക്ക് ഓടിക്കയറിയ ഹാരി കെയ്‌നിനെ ലക്ഷ്യമാക്കി ഷായുടെ ക്രോസ്. യുക്രെയ്ന്‍ ഗോളി ബുഷാനെ നിഷ്പ്രഭനാക്കിയ ക്രോസ് റേഞ്ച് ഹെഡറില്‍ കെയ്ന്‍ ലക്ഷ്യം കണ്ടു(3-0). 63-ാം മിനിറ്റില്‍ അടുത്തത്. മേസണ്‍ മൗണ്ടിന്റെ ബോക്‌സിലേക്കു വളഞ്ഞുവന്ന കോര്‍ണര്‍ കിക്കിന് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ പാകത്തിനു തലവച്ചു (4-0). ഡെക്ലാന്‍ റൈസിനു പകരമിറങ്ങിയ ലിവര്‍പൂള്‍ താരത്തിന്റെ ഇംഗ്ലണ്ട് ദേശീയ ജഴ്‌സിയിലെ ആദ്യഗോളുമായി ഇത്.
Your comment?