നാവെടുത്താല്‍ അസഭ്യവര്‍ഷവുമായി അടൂരിലെ ഏമാന്‍: അടുത്തു തന്നെ സ്ഥലം മാറ്റം കിട്ടുന്ന താനാരെയും പേടിക്കില്ലെന്നും വീമ്പിളക്കല്‍

അടൂര്‍: പൊലീസ് സ്റ്റേഷനിലെ ഒരു എഎസ്‌ഐയ്‌ക്കെതിരേ നാട്ടുകാരുടെ പരാതി. നാവെടുത്താല്‍ ഇയാള്‍ തെറി പറയുമെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറി വന്ന തനിക്ക് ഉടന്‍ തന്നെ തിരികെ പഴയ ലാവണത്തിലേക്ക് പോകാന്‍ കഴിയുമെന്നും ഇവിടെ ഒരുത്തനും ഒരു ചുക്കും എന്നെ ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞാണ് ഇയാളുടെ വിളയാട്ടം. പരാതിക്കാരെയും നാട്ടുകാരെയുമെല്ലാം അസഭ്യം വിളിച്ചു കൊണ്ടാണ് ഇയാള്‍ സംബോധന ചെയ്യുന്നത്. പരാതിയുമായി വരുന്നത് കുട്ടികളോ മുതിര്‍ന്നവരോ സ്ത്രീകളോ ആകട്ടെ എഎസ്‌ഐയുടെ നാവില്‍ സരസ്വതി വിളയാടും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സ്ഥലം മാറ്റത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് ഇവിടേക്ക് വന്നതാണ് ഇയാള്‍. സ്റ്റേഷനകത്തായാലും പുറത്തായാലും മുന്നില്‍ വന്ന് പെടുന്നവരെ തെറി വിളിക്കുന്നതിന് യാതൊരു മടിയുമില്ല. ജനമൈത്രിയുമൊക്കെയായി പൊലീസും പൊതുജനങ്ങളും തമ്മില്‍ നല്ല ബന്ധം സൂക്ഷിക്കുന്നതിനിടെയാണ് പുഴുക്കുത്തായി ഈ എഎസ്‌ഐ വന്നിട്ടുള്ളത്.
വെളളിയാഴ്ച സ്റ്റേഷനില്‍ പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ച വയോധികനെ അവിടെ കുടി നിന്നവരുടെ മുന്നില്‍ വച്ച് ഇയാള്‍ കണ്ണുപൊട്ടുന്ന തെറി വിളിച്ചു. 70 വയസുകാരനെ മരുമകള്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണത്തിന് വിളിപ്പിച്ചതായിരുന്നു. സ്റ്റേഷന് പുറത്ത് മറ്റു ആവശ്യങ്ങള്‍ക്ക് വന്നവരുടെ സമീപം നില്‍ക്കുകയായിരുന്നു വൃദ്ധന്‍. അവരെല്ലാം നോക്കി നില്‍ക്കേയാണ് വയോധികനാണെന്ന പരിഗണന പോലും നല്‍കാതെ എഎസ്‌ഐ പച്ചത്തെറി വിളിച്ചത്.
ഇതു കേട്ടു കൊണ്ട് നിന്ന മറ്റുള്ളവര്‍ അന്തംവിട്ടു. ഇത് ഈ ഉദ്യോഗസ്ഥന്റെ പതിവു പരിപാടിയാണെന്ന് അവരില്‍ ചിലര്‍ പറഞ്ഞു. പുറത്ത് കേസ് അന്വേഷിക്കാന്‍ പോയാലും ഇയാളുടെ നാവില്‍ നിന്ന് നല്ലത് വരില്ല. സ്ത്രീകളെയും കുട്ടികളെയും വശര പച്ചത്തെറി കൂട്ടിയാണ് വിളിക്കുന്നത്.
Your comment?