സ്‌കൂളുകള്‍ എന്ന് തുറക്കാനാകുമെന്നതിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കാനാകുമെന്നതിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിപക്ഷവും വാക്‌സീന്‍ സ്വീകരിക്കുകയും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെകുറിച്ച് ശാസ്ത്രീയമായി അറിവ് ലഭിക്കുകയും ചെയ്താല്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന് നിതി ആയോഗ് അംഗം വി.കെ.പോള്‍ അറിയിച്ചു.
‘ആ സമയം എത്രയും പെട്ടെന്ന് വരും. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ തുറന്നതെന്നും വീണ്ടും കോവിഡ് വ്യാപനം ഉണ്ടായപ്പോള്‍ അടയ്‌ക്കേണ്ടി വന്നതെന്നും പരിഗണിക്കണം. നമ്മുടെ അധ്യാപകരെയും വിദ്യാര്‍ഥികളെയും അത്തരത്തില്‍ ഒരു സാഹചര്യത്തിലെത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. മഹാമാരി നമ്മെ ദ്രോഹിക്കുകയില്ലെന്ന് ഉറപ്പുണ്ടാകുന്നതുവരെ ഒന്നും ചെയ്യാനാകില്ല’- അദ്ദേഹം പറഞ്ഞു.
18 വയസ്സില്‍ താഴെയുള്ള കുട്ടികളിലും കോവിഡിന് എതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടുവെന്നും അതിനാല്‍ മൂന്നാം തരംഗം ഉണ്ടായാലും കുട്ടികളെ ബാധിക്കാനിടയില്ലെന്നുമുള്ള എയിംസിന്റെയും ലോകാരോഗ്യ സംഘടനയുടെയും സര്‍വേ മുന്‍നിര്‍ത്തിയാണ് പോളിന്റെ പരാമര്‍ശം. സ്‌കൂളുകള്‍ തുറക്കാം, വിദ്യാര്‍ഥികള്‍ അകലം പാലിക്കേണ്ടതില്ല എന്നല്ല സര്‍വേഫലം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Your comment?