കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തോടുള്ള നിലപാടില്‍ ബി.ജെ.പി. മാറ്റംവരുത്തി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തോടുള്ള നിലപാടില്‍ ബി.ജെ.പി. മാറ്റംവരുത്തി. പാര്‍ട്ടിയെ വേട്ടയാടുന്നുവെന്നാരോപിച്ച് സര്‍ക്കാരിനെതിരേ പോരിനിറങ്ങിയ ബി.ജെ.പി. ചോദ്യംചെയ്യലിനു ഹാജരാകന്‍ നിബന്ധനയേര്‍പ്പെടുത്തി. ഫോണില്‍ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതല്‍ ഹാജരാകില്ല. അത്തരം ചോദ്യംചെയ്യലുമായി സഹകരിക്കേണ്ടെന്നാണ് കോര്‍കമ്മിറ്റി തീരുമാനം.
കേസ് രജിസ്റ്റര്‍ചെയ്‌തോ കോടതി മുഖേനയോ ഉള്ള അന്വേഷണത്തിനുമാത്രം നേതാക്കളും പ്രവര്‍ത്തകരും ഹാജരാകും. സി.പി.എം. അജന്‍ഡ നടപ്പാക്കാന്‍ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലുയര്‍ന്ന വികാരം. സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും അജന്‍ഡയാണ് കുഴല്‍പ്പണക്കേസിലെ പോലീസ് അന്വേഷണമെന്നാണ് കോര്‍ഗ്രൂപ്പ് യോഗത്തിന്റെ വിലയിരുത്തല്‍.
കുഴല്‍പ്പണക്കേസുമായി സഹകരിക്കുന്ന നിലപാടായിരുന്നു ഇതുവരെ എടുത്തിരുന്നത്. സംഘടനാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യംചെയ്യലിനു ഹാജരായി.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്ന് നേതൃത്വം സംശയിക്കുന്നു.
Your comment?