കെപിസിസിയുടെ അമരത്തേക്ക് കെ.സുധാകരന്‍;കോണ്‍ഗ്രസിന് കരുത്തേകാന്‍ പ്രവര്‍ത്തക വികാരം മാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്; സുധാകരയുഗം ആരംഭിക്കുമ്പോള്‍

തിരുവനന്തപുരം : കെപിസിസിയുടെ പുതിയ അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ വീര്യമാണ് കെ.സുധാകരന്‍. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത നേതാവ് കെപിസിസിയുടെ തലപ്പത്ത് എത്തുമ്പോള്‍ കോണ്‍ഗ്രസ് പ്രസ്ഥാനം പുത്തന്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നു. നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എം.പിയുമായ കെ.സുധാകരന്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്.
എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഫയര്‍ ബ്രാന്‍ഡാണ് കെ.സുധാകരന്‍. സിപിഎമ്മും ബിജെപിയും ആയുധമെടുത്ത് അടരാടുന്ന കണ്ണൂരിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ പതാക ഉയര്‍ന്ന് പറക്കുന്നത് സുധാകരന്റെ പോരാട്ട വീര്യത്തിന്റെ ചിറകിലാണ്. സുധാകരനെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ അര്‍ഥവും ആയുധവും ഒരുപാട് ചിലവാക്കി. ഒരിക്കലും ഓടിയൊളിക്കാന്‍ പക്ഷേ ആ മനസ് കൂട്ടാക്കിയില്ല. പകരം നെഞ്ച് വിരിച്ച് നിന്നിട്ടേയുള്ളൂ. പ്രവര്‍ത്തകര്‍ക്ക് ചങ്ക് പറിച്ച് നല്‍കുന്ന നേതാവിനെ സ്വന്തം ചങ്കിനകത്താണ് അണികള്‍ കുടിയിരുത്തുന്നത്.
തീക്കനലുകള്‍ ചവിട്ടിയുള്ള യാത്രയാണ് കെ സുധാകരന്റെ രാഷ്ട്രീയ ജീവിതം. സ്‌കൂള്‍ കാലഘട്ടത്തില്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് നിയമ പഠനവും പൂര്‍ത്തിയാക്കി. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിനൊപ്പമായിരുന്നു. പിന്നീട് ജനതാ പാര്‍ട്ടിയുടെ ഭാഗമായെങ്കിലും അധികം വൈകാതെ കോണ്‍ഗ്രസില്‍ തരിച്ചെത്തി. 1991ല്‍ കെ സുധാകരന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി . സിപിഎമ്മിന്റെ കയ്യൂക്കിന് മുന്നില്‍ കീഴടങ്ങാതെ സുധാകരന്‍ പാര്‍ട്ടിയെ നയിച്ചു. 91-ല്‍ എടക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന സുധാകരന്റെ പരാതി അംഗീകരിച്ച ഹൈക്കോടതി ഒ. ഭരതന്റെ വിജയം അസാധുവാക്കി. അങ്ങനെ ആദ്യമായി നിയമ സഭയില്‍ എത്തി.
1996, 2001, 2006 വര്‍ഷങ്ങളില്‍ കണ്ണൂര്‍ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായി. എം എല്‍എ ആയിരിക്കെ 2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂരില്‍ നിന്നുള്ള എംപിയായി. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന ഈ നേതാവിന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടിയില്ല. ആക്ഷേപങ്ങളും ആരോപണങ്ങളും പെരുമഴ തീര്‍ക്കുമ്പോഴും കെ.സുധാകരന്‍ നിവര്‍ന്ന് നില്‍ക്കുന്നത് പ്രവര്‍ത്തകരുടെ സ്‌നേഹ കുടയുടെ കീഴിലാണ്. കരുത്തുറ്റ ആ കരങ്ങളില്‍ കെപിസിസിയുടെ നേതൃത്വം ഏല്‍പ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചു വരവാണ് മുന്നിലുള്ള ആദ്യ ദൗത്യം. പൂവിരിച്ച പാതകളിലൂടെ നടന്ന് ശീലമില്ലാത്ത നേതാവിന് ഏത് വെല്ലുവിളിയുടെ മുള്‍പ്പടര്‍പ്പുകളും താണ്ടാന്‍ മടിയുമില്ല.
Your comment?