തിരുവല്ല പുഷ്പഗിരിയില്‍ മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത് ഒമ്പതു ലക്ഷത്തിന്റെ ബില്‍

തിരുവല്ല: രണ്ടാഴ്ചയിലധികമായി കോവിഡ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ നല്‍കിയത് ഒമ്പതുലക്ഷത്തോളം രൂപയുടെ ബില്‍. വലിയ തുക കണ്ട് ഞെട്ടിയ ബന്ധുക്കളില്‍ തങ്ങള്‍ക്കിത്രയും പണം നല്‍കാനില്ലെന്നും മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലാണ് സംഭവം. ചങ്ങനാശേരി സ്വദേശി ലാലന്‍ ആന്റണി(70)യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ലാലന്‍ ഇന്നാണ് മരിച്ചത്. തൊട്ടുപിന്നാലെ ബന്ധുക്കള്‍ക്ക് ഒമ്പതു ലക്ഷത്തോളം രുപയുടെ ബില്ലും ലഭിച്ചു.
ബില്‍ കണ്ട് ഞെട്ടിയ ബന്ധുക്കള്‍ തങ്ങള്‍ക്ക് ഇത്രയും വലിയ തുക അടയ്ക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ 66,000 രൂപ ഇളവ് ചെയ്ത് നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍പ്പോലും ബാക്കി തുക കണ്ടെത്താന്‍ കഴിയില്ലെന്നും നമൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ല എന്നുമുള്ള നിലപാടിലാണ് ബന്ധുക്കളില്‍ ചിലര്‍.
സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊള്ളയടിക്കുന്നുവെന്ന വാര്‍ത്ത ദിനംപ്രതി പുറത്തു വരുമ്പോഴാണ് ഈ സംഭവം. രോഗിയുടെ ബന്ധുക്കളുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ചങ്ങനാശേരിയിലെ നിയുക്ത എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെട്ട് ഇപ്പോള്‍ ഒന്നരലക്ഷം രൂപ അടയ്ക്കാമെന്ന് ധാരണയായി. മൃതദേഹം വിട്ടു കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കലക്ടറും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൃതദേഹം വിട്ടു കൊടുക്കും.
Your comment?