കോന്നിയില്‍ താനില്ലെങ്കില്‍ ‘പ്രളയം’ എന്ന ചിന്ത അടൂര്‍ പ്രകാശിന് ഇനി വേണ്ട

Editor
file photo

കോന്നി: താനില്ലെങ്കില്‍ പ്രളയം എന്ന അടൂര്‍ പ്രകാശ് എംപിയുടെ അഹന്തയ്ക്കേറ്റ അടിയാണ് കോന്നിയില്‍ യുഡിഎഫിനേറ്റ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഉപതെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതിന് യുഡിഎഫ് സ്ഥാനാര്‍ഥിയെ കാലുവാരിത്തോല്‍പ്പിച്ചത് അബദ്ധമായി എന്ന് ഇപ്പോള്‍ അടൂര്‍ പ്രകാശിന് തോന്നുന്നുണ്ടാകും. തനിക്കൊപ്പം പതിവായി നിലയുറപ്പിച്ചിരുന്ന ഈഴവ സമുദായം താന്‍ പറയുന്നിടത്ത് വോട്ടു കുത്തുമെന്ന അതിമോഹവും പാളി. ഈഴവ സമുദായത്തിന്റെ വോട്ട് ഒന്നടങ്കം നേടി കെയു ജനീഷ്‌കുമാര്‍ മറ്റൊരു ജൈത്രയാത്രയ്ക്കുള്ള അടിത്തറ ഇടുകയുംചെയ്തു.

ഈഴവനായ അടൂര്‍ പ്രകാശ് എന്തു കൊണ്ട് മറ്റൊരു സമുദായക്കാരനെ സ്ഥാനാര്‍ഥിയാക്കി, അയാളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവെന്നൊരു ചോദ്യം വ്യാപകമായി ചര്‍ച്ച ചെയ്തിരുന്നു. അപ്പോള്‍ സമുദായ ഉദ്ധാരണമല്ല, സ്വന്തം നിലനില്‍പ്പാണ് പ്രകാശ് ലക്ഷ്യമിടുന്നത് എന്നത് ഈഴവര്‍ക്കിടയില്‍ ചര്‍ച്ചയായി. റോബിനെ വിജയിപ്പിച്ച് കോന്നിയില്‍ തന്റെ സ്വാധീനം തുടരുക എന്ന ലക്ഷ്യമായിരുന്നു അടൂര്‍ പ്രകാശിന്.

റോബിന്‍ പീറ്ററുടെ പരാജയത്തോടെ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് യുഗം അവസാനിച്ചു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് പരാജയത്തെ കുറിച്ച് കോണ്‍ഗ്രസുകാരുടെ പ്രതികരണം. റോബിന്‍ പീറ്ററിന് സീറ്റ് കിട്ടാത്തതിനായിരുന്നു ഉപതെരഞ്ഞെടുപ്പില്‍ പ്രകാശിന്റെ പ്രതികാരം. തോറ്റു പോയ മോഹന്‍രാജ് കോന്നിയില്‍ തന്നെ തുടരുന്നതു കണ്ടപ്പോള്‍ ആറന്മുള ഇക്കുറി നല്‍കാമെന്ന് പറഞ്ഞ് അദ്ദേഹത്തെ അവിടേക്ക് മാറ്റി. ആറന്മുള കിട്ടിയതുമില്ല, കോന്നിയിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ മോഹന്‍രാജിന് കഴിഞ്ഞതുമില്ല.

കാല്‍ നൂറ്റാണ്ടായി പാര്‍ട്ടിയെയും ജനങ്ങളെയും വരുതിയിലാക്കി സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കിയിരുന്നയാളാണ് അടൂര്‍ പ്രകാശ്. തുടര്‍ച്ചയായി അഞ്ചു വര്‍ഷം ജയിച്ചതിനാല്‍ ഇനി നിയമസഭ കാണാന്‍ പറ്റില്ലെന്ന് കരുതിയാണ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. യുപിഎ അധികാരത്തില്‍ വന്നാല്‍ പിന്നാക്ക സമുദായത്തില്‍ നിന്ന് കേന്ദ്രമന്ത്രിയാകാമെന്നും കരുതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തു വാരിയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തുടച്ചു നീക്കപ്പെട്ടു. ഇതോടെ മനസു മടുത്ത അടൂര്‍ പ്രകാശ് വീണ്ടും കോന്നിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ റോബിന് സീറ്റ് വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. ഉപതെരഞ്ഞെടുപ്പില്‍ സജീവമല്ലാതിരുന്ന അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും കൂടി മോഹന്‍രാജിനെ പരാജയപ്പെടുത്താന്‍ ചരടു വലിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഈഴവ സമുദായത്തിന് നിര്‍ണായകമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മോഹന്‍രാജ് നായരാണെന്ന പ്രചാരണം നടത്തി വോട്ട് മറിക്കാനും ഈ പക്ഷം ശ്രമിച്ചതായി തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മോഹന്‍രാജിന്റെ പരാജയത്തിന് കാരണം അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ അച്ചുതണ്ടാണന്ന ആരോപണം നിലനില്‍ക്കേയാണ് ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.

ഇവിടെ വീണ്ടും റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവുമായി അടൂര്‍ പ്രകാശ് രംഗത്തെത്തി. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞത് അംഗീകരിക്കാത്തതു കൊണ്ടാണ് മണ്ഡലം നഷ്ടപ്പെട്ടതെന്നും ഇക്കുറി തന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തി വിജയിപ്പിക്കുന്ന ഉറപ്പിന്മേലാണ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. എന്നാല്‍ റോബിന്‍ പീറ്ററിനെതിരേ ഡിസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും പരാതി നല്‍കിയിട്ടും ഹൈക്കമാന്‍ഡ് പരിഗണിച്ചില്ല. ഗ്രൂപ്പ് പോരിനും അനിശ്ചിതത്വത്തിനുമൊടുവില്‍ റോബിന്‍ പീറ്ററെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മല്‍സരിച്ചിടത്തൊക്കെ ഒരിക്കലും പരാജയപ്പെടാതെ കാല്‍ നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിലെത്തുകയും പ്രസിഡന്റ് പദം അലങ്കരിക്കുകയും ചെയ്ത റോബിന്‍ പീറ്റര്‍ ജീവിതത്തിലെ ആദ്യ തിരിച്ചടിയാണ് ഇപ്പോള്‍ ഏറ്റു വാങ്ങിയത്. 1996 മുതല്‍ 23 വര്‍ഷം അടൂര്‍ പ്രകാശ് അടക്കി വാണ കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടി വന്നു. ജില്ലാ പഞ്ചായത്തിലേക്ക് പ്രമാടം ഡിവിഷനില്‍ മല്‍സരിച്ച റോബിന്‍ പീറ്റര്‍ ജില്ലയിലെ തന്നെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ രൂപീകരണ കാലം മുതല്‍ യുഡിഎഫ് ഭരിച്ചു വന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, ഏനാദിമംഗലം, മലയാലപ്പുഴ, കലഞ്ഞൂര്‍, മൈലപ്ര, സീതത്തോട്,ചിറ്റാര്‍, വള്ളിക്കോട് എന്നിങ്ങനെ 11 ഗ്രാമപഞ്ചായത്തുകളാണ് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോന്നി, തണ്ണിത്തോട് എന്നവയൊഴികെ ഒന്‍പത് പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. ഇത് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിക്കാനും, ഭൂരിപക്ഷം ഉയര്‍ത്താനും കഴിയുമെന്ന എല്‍ഡിഎഫ് പ്രതീക്ഷയാണ് ഇപ്പോള്‍ ഫലം കണ്ടെത്.

മറുപക്ഷത്താകട്ടെ വിരുദ്ധ ചേരിയിലെ നേതാക്കള്‍ അടക്കമുള്ളവര്‍ അടൂര്‍ പ്രകാശിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയും പി. മോഹന്‍രാജിനെ പരാജയത്തിനിടയാക്കിയ നിലപാടിനെതിരെയും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മൗനം ദീക്ഷിച്ചിരുന്നു.അവര്‍ ഒപ്പം നിന്ന് അടൂര്‍ പ്രകാശിനോടും റോബിന്‍ പീറ്ററോടുംമധുര പ്രതികാരം ചെയ്തതിന്റെ ഫലമാണ് പരാജയമെന്ന് കരുതേണ്ടിയിരിക്കുന്നു.

ആറ്റിങ്ങലിലെ എംപി അവിടുത്തെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും ഇവിടെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങളുണ്ടെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പരസ്യമായി പറഞ്ഞതും കൂട്ടി വായിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ റോബിന്‍ പീറ്ററെയല്ല, അടൂര്‍ പ്രകാശിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയതെന്നു തന്നെ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോന്നി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന റോബിന്‍ പീറ്ററിന്റെ വോട്ടുകള്‍ കുറയാന്‍ കാരണമായി. റോബിന്‍ പീറ്ററുടെ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അടൂര്‍ പ്രകാശിന് ഒഴിഞ്ഞു മാറാനാകില്ല.

ഈഴവ സമുദായം ഒപ്പം നില്‍ക്കുമെന്ന് അടൂര്‍ പ്രകാശ് ഉറച്ചു വിശ്വസിച്ചിരുന്നു. ഈഴവ വീടുകളില്‍ നേരിട്ട് റോബിനുമായി ചെന്ന് വോട്ടുറപ്പിക്കുകയും ചെയ്തു. എന്നാല്‍, അതിന് മുന്‍പായി സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി ജനീഷ്‌കുമാറിന് ഈഴവ വോട്ടുകള്‍ ഉറപ്പിച്ചിരുന്നു. പുറമേ ബിഡിജെഎസ് എന്ന് നടിച്ചിരുന്നവര്‍ രാത്രിയിലും ആളില്ലാ സമയങ്ങളിലും ജനീഷിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങി. ഈഴവ വോട്ടുകള്‍ 90 ശതമാനവും ജനീഷിനും ശേഷിച്ചത് സുരേന്ദ്രനുമായി പോയി. ക്രൈസ്തവ വോട്ടുകള്‍ കൊണ്ടു മാത്രം റോബിന് വിജയിക്കാന്‍ കഴിയാതെയും പോയി. എന്തായാലും കോന്നിയിലെ തോല്‍വിയില്‍ സന്തോഷിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്തു കൊണ്ടു തോറ്റുവെന്ന് അടൂര്‍ പ്രകാശിനോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: അതേക്കുറിച്ച് എന്നെ കൊണ്ടു പറയിക്കണോ?

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പിണറായിയുടെ പുതിയ സര്‍ക്കാരില്‍ പത്തനംതിട്ടയില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍.?

തിരുവല്ല പുഷ്പഗിരിയില്‍ മരിച്ച കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയത് ഒമ്പതു ലക്ഷത്തിന്റെ ബില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015