കോവീഷീല്‍ഡ് വാക്‌സിന്റെ പേരില്‍ അടൂരില്‍ നടന്ന കബളിപ്പിക്കല്‍ ഇങ്ങനെ; മൗണ്ട് സിയോണിനെതിരെ പ്രതിഷേധം: സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്ന കുറിപ്പ് വായിക്കാം..!
അടൂര്‍: ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജുകാരുടെ അനാസ്ഥയെ പറ്റിയാണ്. ഒന്നും ഒന്നരയും മാസം മുന്‍പ് വാക്‌സിന്‍ എടുത്തവരുടെ ഫോണിലേക്ക് ഇന്നലെ വിളിക്കുന്നു. സെക്കന്‍ഡ് ഡോസിന് ഇന്നു ചെല്ലാന്‍ ആവശ്യപ്പെടുന്നു. വാക്‌സിന്‍ ക്ഷാമവും രജിസ്‌ട്രേഷനും എല്ലാം പത്രത്തില്‍ സ്ഥിരമായി കാണുന്നവര്‍ സംശയം ഉന്നയിച്ചപ്പോള്‍ കോവിഷീല്‍ഡ് വന്നിട്ടുണ്ടെന്നു മറുപടി. പേരും ഫോണ്‍ നമ്പരും ആധാര്‍ നമ്പരും വാങ്ങിയ ശേഷം വേറെ രജിസ്‌ട്രേഷനൊന്നും വേണ്ട ഇങ്ങു വന്നാല്‍ മതിയെന്നും അവര്‍ ഉറപ്പു നല്‍കി. ആ വാക്ക് വിശ്വസിച്ച് വണ്ടി വിളിച്ചു ചെന്ന, മൂന്ന് വൃദ്ധ സ്ത്രീകള്‍ പറ്റിക്കപ്പെട്ടതാണ് ഈ കുറിപ്പിന് കാരണം. രജിസ്‌ട്രേഷന്‍ ഇല്ലാതെ പറ്റില്ലെന്ന് കട്ടായം പറഞ്ഞ് അവരെ തിരിച്ചയച്ചു. വേറെയും നിരവധി പേര്‍ ഇങ്ങനെ വിളിയെത്തിയതു പ്രകാരം ആശുപത്രിയില്‍ വന്ന് നിരാശരായി പോയത്രെ. ഇന്നു രാവിലെ ആശുപത്രിയില്‍ വിളിച്ച് വാക്‌സിന്‍ ലഭ്യത ചോദിച്ചവരെയും ഇങ്ങനെ വിളിപ്പിച്ചിട്ടുണ്ടായിരുന്നു.
രാവിലെ 11 ഓടെ ആരോഗ്യ വകുപ്പ് രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റ് അയച്ചുകൊടുത്തതാണ് ആശുപത്രിക്കാര്‍ നേരിട്ട് വിളിച്ചു വരുത്തിയവര്‍ക്ക് വാക്‌സിന്‍ ലഭിക്കാതിരിക്കാന്‍ കാരണം.
സെക്കന്‍ഡ് ഡോസിന് തിരക്കു കൂട്ടേണ്ടന്ന അധികൃതരുടെ വാക്കു വിശ്വസിച്ചു കാത്തിരുന്ന, ആദ്യ ഡോസ് പോലെ മക്കളോ കൊച്ചു മക്കളോ രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോഴോ, അല്ലെങ്കില്‍ അക്ഷയയില്‍ പോയി കാത്തു നിന്ന് രജിസ്റ്റര്‍ ചെയ്‌തോ, സര്‍ക്കാര്‍ – സ്വകാര്യാശുപത്രികളില്‍ സൗകര്യം പോലെ പോയി വാക്‌സിന്‍ എടുക്കുമായിരുന്ന പാവങ്ങളെയാണ് അങ്ങോട്ടു വിളിച്ച് പറ്റിച്ചത്.
ഇന്നലെ മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നിട്ടും എന്തടിസ്ഥാനത്തിലാണ് ആശുപത്രിക്കാര്‍ ആളുകള്‍ക്ക് ഫോണ്‍ ചെയ്ത് ചെല്ലാന്‍ ആവശ്യപ്പെട്ടത്?
രജിസ്‌ട്രേഷന്‍ ചെയ്യുമെന്ന് പറഞ്ഞ് ആധാര്‍ നമ്പരും വിവരങ്ങളും എന്തിന് വാങ്ങി?
മനസിലാകുന്നത് ഇങ്ങനെ:
കിട്ടിയ വാക്‌സിന്‍ പരമാവധി പേരെ വിളിച്ചു വരുത്തി നല്‍കാനായിരുന്നു നീക്കം. പണം കിട്ടുന്ന ഏര്‍പ്പാട് ആണല്ലോ. രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റ് രാവിലെ വന്നതാണ് ഇത് നടക്കാതെ പോകാന്‍ കാരണം.
ഇനി ഒരു സംശയം ആരോഗ്യ വകുപ്പിനോടാണ്. കോവിന്‍ പോര്‍ട്ടലില്‍ ഏതാനും ദിവസങ്ങളായി ഈ മൗണ്ട് സിയോണ്‍ കാണിക്കുന്നില്ല. പിന്നെ എങ്ങനെയാണ് രജിസ്‌ട്രേഷന്‍. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാന്‍സലേഷന്‍ മെസേജ് ലഭിച്ചിരുന്നു. വാക്‌സിന്റെ ലഭ്യത അനുസരിച്ചാണ് സ്ലോട്ട് അനുവദിക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് കാന്‍സലേഷന്‍.
കാരണം നിരത്താന്‍ പലതു കാണും. പക്ഷേ ആളുകളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കി വേണം നടപടികള്‍.
‘എന്തായാലും വാക്‌സിന്‍ ഉണ്ടെന്നു പറഞ്ഞ് മൗണ്ട് സിയോണുകാര്‍ വിളിച്ചാല്‍ ആരും ചാടി പുറപ്പെടണ്ട. പണി കിട്ടും’
23-4-2021
Your comment?