കേരളം ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നതിനുള്ള വോട്ടുകള്‍ പെട്ടിയില്‍ വീണു തുടങ്ങി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുന്നതേ ഉള്ളൂ എങ്കിലും ആരു കേരളം ഭരിക്കണം എന്നു തീരുമാനിക്കുന്നതിനുള്ള വോട്ടുകള്‍ പെട്ടിയില്‍ വീണു തുടങ്ങി. നേരിട്ട് ബൂത്തുകളില്‍ പോയി വോട്ടു രേഖപ്പെടുത്താനാവാത്ത വോട്ടര്‍മാര്‍ക്കുള്ള ആബ്‌സന്റീ വോട്ടുകളാണ് പോള്‍ ചെയ്തു തുടങ്ങിയത്. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് ബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരെയാണ് ആബ്‌സന്റീ വോട്ടേഴ്‌സായി കണക്കാക്കുന്നത്.
ഇന്നു രാവിലെ 10 മണി മുതല്‍ വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഉദ്യോഗസ്ഥര്‍ വീടുകളിലോ നിശ്ചിത കേന്ദ്രങ്ങളിലോ എത്തി വോട്ടു ചെയ്യിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ചെയ്യിക്കുന്നത്. പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പൊലീസ്, വിഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന സംഘമാണ് പോളിങ് ടീമിലുണ്ടാകുക. സാധാരണ പോളിങ് ബൂത്തുകളിലേതു പോലെ പൂര്‍ണമായും രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് വോട്ടു ചെയ്യിക്കുന്നത്. പോളിങ് ഏജന്റുമാരെ ഏര്‍പ്പാടാക്കാന്‍ വോട്ടര്‍മാരുടെ പട്ടികയും വോട്ടിങ് നടക്കുന്ന സ്ഥലം, ദിവസം തുടങ്ങിയവയും സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
Your comment?