കെപിസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി മോഹന്‍രാജ് പാര്‍ട്ടി വിട്ടത് മനംനൊന്ത്

പത്തനംതിട്ട: കെപിസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി മോഹന്‍രാജ് പാര്‍ട്ടി വിട്ടത് മനംനൊന്ത്. പാര്‍ട്ടിയില്‍ പദവികള്‍ ഒരു പാട് തേടി വന്നെങ്കിലും പാര്‍ലമെന്ററി തലത്തില്‍ അവഗണന ഇതു പോലെ നേരിടേണ്ടി വന്ന ഒരു നേതാവ് ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭ ചെയര്‍മാനപ്പുറം പാര്‍ലമെന്ററി തലത്തിലേക്ക് പോകാന്‍ മോഹന്‍രാജിന് അവസരം കിട്ടിയിട്ടില്ല. ശരിക്കു പറഞ്ഞാല്‍ അനുവദിച്ചിട്ടില്ല. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു എക്കാലവും മോഹന്‍രാജ്.
അവഗണനയുടെ ദീര്‍ഘ പര്‍വം തുടങ്ങുന്നത് 2001 മുതലാണ്. അന്ന് പത്തനംതിട്ട നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ച് മോഹന്‍രാജ് പോസ്റ്റര്‍ പ്രചാരണം തുടങ്ങിയിരുന്നു. അപ്പോഴാണ് ജില്ലാ പിതാവായ കെകെ നായരുടെ പ്രവേശം. തനിക്ക് ഒരു അവസരം കൂടി തരണമെന്ന വന്ദ്യവയോധികനായ നായരുടെ അഭ്യര്‍ഥന മാനിച്ച് പിന്മാറാന്‍ കോണ്‍ഗ്രസ് നേതൃത്വം മോഹന്‍രാജിനോട് ആവശ്യപ്പെട്ടു. മനോവേദന ഉണ്ടായെങ്കിലും പാര്‍ട്ടി പറഞ്ഞത് അനുസരിച്ച് അദ്ദേഹം പിന്മാറി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച കെകെ നായര്‍ വിജയിച്ചു. 2006 ല്‍ മറ്റ് എതിരാളികള്‍ ഇല്ലാത്തതിനാല്‍ പത്തനംതിട്ട ഉറപ്പിച്ച് മോഹന്‍രാജ് വീണ്ടും പ്രചാരണം തുടങ്ങി. ഇതേ സമയം, ആറന്മുളയ്ക്ക് വേണ്ടി ശിവദാസന്‍ നായരും പോസ്റ്റര്‍ ഒട്ടിച്ചിരുന്നു.
അന്ന് കെ. കരുണാകരന്‍ ഡിഐസി എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫ് ഘടക കക്ഷിയായപ്പോള്‍ ശിവദാസന്‍ നായര്‍ക്ക് പോസ്റ്റര്‍ കീറി ആറന്മുള വിടേണ്ടി വന്നു. ആറന്മുളയില്‍ നിന്ന് പോയ ശിവദാസന്‍ നായര്‍ പത്തനംതിട്ടയില്‍ ലാന്‍ഡ് ചെയ്തു. നഷ്ടം വീണ്ടും മോഹന്‍രാജിന്. ശിവദാസന്‍ നായര്‍ വിജയിച്ചു. സീറ്റ് കിട്ടാതെ പോയ കെകെ നായര്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചുവെന്നത് മറ്റൊരു രസകരമായ കാര്യം.
2009 ല്‍ പുനഃസംഘടനയെ തുടര്‍ന്ന് നിലവില്‍ വന്ന പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സീറ്റ് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് എകെ ആന്റണി കോട്ടയം ഡിസിസി പ്രസിഡന്റായിരുന്ന ആന്റോ ആന്റണിയ്ക്ക് സീറ്റ് വാങ്ങിക്കൊടുത്തത്. പാര്‍ലമെന്റ് നമുക്ക് വേണ്ട, വരുന്ന ടേമില്‍ അസംബ്ലിയിലേക്ക് പരിഗണിക്കാമെന്ന് നേതാക്കള്‍ മോഹന്‍രാജിനെ ആശ്വസിപ്പിച്ചു. അതിന്റെ ഭാഗമായി ആറന്മുളയിലേക്ക് കണ്ണും നട്ടിരുന്ന മോഹന്‍രാജിന് വീണ്ടും തിരിച്ചടി നേരിട്ടു.പുനഃസംഘടനയില്‍ പത്തനംതിട്ട നിയമസഭാ മണ്ഡലം ഇല്ലാതായി. അത് ആറന്മുളയില്‍ ലയിപ്പിക്കപ്പെട്ടു. ആറന്മുള സീറ്റിലേക്ക് പത്തനംതിട്ടയിലെ സിറ്റിങ് എംഎല്‍എയായ ശിവദാസന്‍ നായര്‍ 2011 ല്‍ പരിഗണിക്കപ്പെട്ടു. വീണ്ടും ശിവദാസന്‍ നായര്‍ക്ക് വിജയം. 2014 ല്‍ വീണ്ടും പാര്‍ലമെന്റ് സ്വപ്നം കണ്ടു. ആന്റോ തന്നെ തുടര്‍ന്നു. 2016 ല്‍ വീണ്ടും ആറന്മുളയ്ക്കായി അവകാശവാദം ഉന്നയിച്ചു.
ശിവദാസന്‍ നായര്‍ വിട്ടു കൊടുത്തില്ല. അതു വരെ നേരിട്ട അവഗണനയ്ക്കെല്ലാം പരിഹാരമെന്ന നിലയിലാണ് കോന്നി ഉപതെരഞ്ഞെടുപ്പില്‍ മോഹന്‍രാജിന് സീറ്റ് ലഭിച്ചത്. 25000 വോട്ടിന് അടൂര്‍ പ്രകാശ് വിജയിച്ച കോന്നി അനായാസം നിലനിര്‍ത്താമെന്ന് കരുതിയ മോഹന്‍രാജിനെ പക്ഷേ, സ്വന്തം പാര്‍ട്ടിക്കാര്‍ പാലം വലിച്ചു. തന്റെ വിശ്വസ്തന്‍ റോബിന്‍ പീറ്ററിന് സീറ്റ് നിഷേധിച്ചതിനാല്‍ അടൂര്‍ പ്രകാശും സംഘവും പരസ്യമായി തന്നെ കളിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ വിഭാഗീയത പ്രവര്‍ത്തനം കൂടിയായതോടെ മോഹന്‍രാജ് തോറ്റു. എന്നിട്ടും മനസ് മടിക്കാതെ കോന്നിയില്‍ തുടരുകയാണ് മോഹന്‍രാജ് ചെയ്തത്. അതിനിടെയാണ് കെപിസിസി നേതൃത്വം അടക്കം മോഹന്‍രാജിനോട് കോന്നി വിട്ട് ആറന്മുളയില്‍ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടത്. ആറന്മുള സീറ്റില്‍ മോഹന്‍രാജായിരിക്കും സ്ഥാനാര്‍ഥി എന്ന് വാഗ്ദാനവും ചെയ്തു. അത് ട്രാപ്പ് ആയിരുന്നുവെന്ന് ഇപ്പോഴെങ്കിലും മോഹന്‍രാജ് തിരിച്ചറിയുന്നു. കോന്നിയില്‍ നിന്ന് മോഹന്‍രാജ് സ്വയം മാറിയതിനാല്‍ വിട്ടതിനാല്‍ അദ്ദേഹത്തിന് ഇക്കുറി അവിടെ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞില്ല. ശിവദാസന്‍ നായര്‍ക്ക് വേണ്ടി സീറ്റ് ഉമ്മന്‍ചാണ്ടി പിടിച്ചു വാങ്ങുകയും ചെയ്തു.
അവഗണനയില്‍ മനം നൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് മോഹന്‍രാജ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല. കാരണം, തന്നെ വിശ്വസിച്ച് ഈ പാര്‍ട്ടിയിലേക്ക് വന്ന നിരവധി പേരുണ്ട്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പരസ്യമായി പ്രതിഷേധിച്ചവരാണ് അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും. തോല്‍വിക്ക് അവരുടെ നിലപാട് കാരണമാവുകയും ചെയ്തു. എന്നിട്ടും ഒരു ചര്‍ച്ച പോലുമില്ലാതെ റോബിന്‍ പീറ്റര്‍ക്ക് സീറ്റ് കൊടുത്തു.ആറന്മുളയിലേക്ക് പോയി മത്സരിക്കാന്‍ തയാറെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടാണ് കോന്നി വിട്ടതെന്നും മോഹന്‍രാജ് പറഞ്ഞു.
Your comment?