17നു തുടങ്ങേണ്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ ആലോചന
തിരുവനന്തപുരം: 17നു തുടങ്ങേണ്ട എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഏപ്രിലിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പൊതുപരീക്ഷകള്‍ നടത്തുന്നത് പ്രായോഗിക തടസ്സങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണു നീക്കം. അധ്യാപകര്‍ക്കു തിരഞ്ഞെടുപ്പു പരിശീലനമുള്ളതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ വിദ്യാഭ്യാസവകുപ്പിനു നിവേദനം നല്‍കി.
പരീക്ഷകള്‍ ഏപ്രില്‍-മേയ് മാസങ്ങളിലേക്കു മാറ്റണമെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. വിദ്യാഭ്യാസ വകുപ്പില്‍ തന്നെ ഇങ്ങനെയൊരു ആലോചനയുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചു.
വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പരീക്ഷകള്‍ മാറ്റാനുള്ള നീക്കം തുടങ്ങിയത്. ഇപ്പോഴത്തെ മോഡല്‍ പരീക്ഷകള്‍ക്കു മാറ്റമുണ്ടാകില്ല. ഏപ്രില്‍ ആദ്യവാരം നിശ്ചയിച്ചിരിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റേണ്ടിവരും. രാവിലെ മാത്രം പരീക്ഷകള്‍ നടത്താമെന്നാണു നിര്‍ദേശം. തൃശൂരിലുള്ള മന്ത്രി സി. രവീന്ദ്രനാഥ് തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകും.
Your comment?