മലയാളികളടക്കം 17 പേര്‍ മരിച്ച ദുബായ് ബസ് അപകടം

ദുബായ്: എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തില്‍ ശിക്ഷിക്കപ്പെട്ട ഒമാന്‍ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീല്‍ കോടതി കുറച്ചു. 55 കാരനായ ബസ് ഡ്രൈവറുടെ തടവ് ഏഴു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിയാണ് കുറച്ചത്. 50 ലക്ഷം ദിര്‍ഹം പിഴയും 34 ദശലക്ഷം ദിര്‍ഹം ദയാധനമായും നല്‍കണമെന്ന ട്രാഫിക് കോടതി വിധിയില്‍ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ആശ്രിതര്‍ക്കാണ് നല്‍കേണ്ടത്, അതേസമയം, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിന്‍വലിച്ചു.
2019 ജൂലൈയിലായിരുന്നു ഡ്രൈവര്‍ക്കു ദുബായ് ട്രാഫിക് കോടതി 7 വര്‍ഷം തടവും അരലക്ഷം ദിര്‍ഹം പിഴയും വിധിച്ചത്. കൂടാതെ, ഇദ്ദേഹത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേയ്ക്കു റദ്ദാക്കാനും ഉത്തരവിട്ടിരുന്നു. അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
Your comment?