വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടി: യുവാവിന്റെ വീടിന് മുമ്പില്‍ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം
തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയ യുവാവിന്റെ വീടിന് മുമ്പില്‍ തട്ടിപ്പിനിരയായവരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം.
കടപ്ര സൈക്കിള്‍മുക്ക് മൂന്നാം കുരിശിന് സമീപം കിഴക്കേ തേവര്‍കുഴിയില്‍ വീട്ടില്‍ അജിന് ജോര്‍ജിന്റെ വീടിന് മുമ്പിലാണ് തട്ടിപ്പിനിരയായവരും കുടുംബാംഗങ്ങളും പ്രതിഷേധിച്ചത്.
ദുബൈയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ അജിന് പണം തട്ടിയത്. അറുപതോളം പേര് അജിന്റെ തട്ടിപ്പിന് ഇരകളായതാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ നെടുമുടി, പെരുമ്പാവൂര്‍, പുളിക്കീഴ്, കോട്ടയം കിഴക്കുംഭാഗം, തൃശൂര്‍ പഴയന്നൂര്‍ അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വഞ്ചനാക്കുറ്റമടക്കം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
50000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ നഷ്ടമായവരാണ് തട്ടിപ്പില്‍ ഇരയായവരില്‍ ഏറെയും. വിവിധ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ അജിന് ഒരു മാസം മുമ്പ് ഒളിവില്‍ പോയി. വ്യാജ വിസ നല്കി കബളിപ്പിച്ചതായും തട്ടിപ്പിനിരയായവരില്‍ പലരും പറയുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഞായര്‍ രാവിലെ 11 മണിയോടെ തട്ടിപ്പിനിരയായവരില്‍ ചിലരും ബന്ധുക്കളും അജിന്റെ വീട്ടിലെത്തിയത്.
തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ ബന്ധുക്കളെ കൈയേറ്റം ചെയ്യാന്‍ അജിന്റെ മാതാവ് ശ്രമിച്ചു. ഇതോടെ രംഗം വഷളായി. സംഭവമറിഞ്ഞ് പുളിക്കീഴ് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് തട്ടിപ്പിനിരയായവരുമായും കുടുംബാംഗങ്ങളുമായി എസ്ഐ ചര്‍ച്ച നടത്തി. പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്മേല്‍ ശക്തമായ അന്വേഷണം നടത്തുമെന്നും നീതി ലഭ്യമാക്കുമെന്നും എസ് ഐ അനീഷ് ഉറപ്പു നല്‍കിയതോടെയാണ് തട്ടിപ്പിനിരയായവര്‍ പിരിഞ്ഞു പോയത്.
Your comment?