കോവിഡ് വാക്‌സീന്‍ എടുത്ത ജീവനക്കാരുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സേവനം ശ്രദ്ധേയം

ദുബായ് :കോവിഡ് വാക്‌സീന്‍ എടുത്ത ജീവനക്കാരുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ സേവനം ശ്രദ്ധേയം. യാത്രക്കാരുമായി ഓരോ ഘട്ടത്തിലും ഇടപഴകുന്ന ജീവനക്കാരെല്ലാം കോവിഡ് പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കിയവരാണ്. മഹാമാരിക്കാലത്ത് ലോകത്ത് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളില്‍ നിന്നും സേവനം കൊണ്ട് വ്യത്യസ്തമാവുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍.
ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അമേരിക്കയിലെ ലൊസാഞ്ചലസ് വിമാനത്താവളത്തിലേക്ക് പറന്ന ഇകെ 2 15 വിമാനത്തിലെ ജീവനക്കാരെല്ലാം കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരായിരുന്നു. മുഴുവന്‍ ജീവനക്കാരും പ്രതിരോധ മരുന്നെടുത്തവരെന്ന ഖ്യാതിയോടെയുള്ള ആദ്യ സര്‍വീസ്.
വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടര്‍, യാത്ര സുരക്ഷ നടപടികളുടെ ഇടം, ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാരുടെ വിശ്രമ ഹാളിലെ ജീവനക്കാര്‍, വിമാനത്തിലേക്കുള്ള നിര്‍ഗമന കവാടത്തിലെ ഉദ്യോഗസ്ഥര്‍, ഫ്‌ലയ്റ്റ് എഞ്ചിനീയര്‍മാര്‍, പൈലറ്റുകള്‍, ആകാശ സേവനത്തിനുള്ള കേബിന്‍ ക്രൂ, വിമാന ശുചീകരണ തൊഴിലാളികള്‍, യാത്രക്കാരുടെ സാധനങ്ങളുടെ കയറ്റിറക്ക ജോലികള്‍ ചെയ്യുന്നവര്‍, എയര്‍ലൈന്‍സ് കാര്‍ഗോ ജീവനക്കാര്‍ എന്നിവരെല്ലാം കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരാണ്. എമിറേറ്റ്‌സ് ഗ്രൂപ്പ് ഒരു മാസത്തിലധികമായി പ്രതിരോധ വാക്‌സീന്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആദില്‍ അല്‍രിദ പറഞ്ഞു.
Your comment?