ദുബായ്: കഴിഞ്ഞ 48 മണിക്കൂറിനിടെ ദുബായിലുണ്ടായ അഞ്ചു വാഹനാപകടങ്ങളില്‍ ആറു പേര്‍ക്ക് പരുക്കേറ്റതായി ദുബായ് പൊലീസ് അറിയിച്ചു. ഗതാഗത നിയമം അനുസരിക്കാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ബ്രി.സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
അശ്രദ്ധയോടെ വാഹനമോടിക്കുക, പെട്ടെന്ന് വരി മാറ്റുക, അമിതവേഗം തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍. അല്‍ഖൂസ് വ്യവസായ മേഖലയില്‍ എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍പിലാണ് ആദ്യത്തെ അപകടം. അനുമതിയില്ലാത്ത പാതയില്‍ ഓടിച്ച സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. ഉമ്മു റമൂലില്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. കാറിന്റെ ഡ്രൈവര്‍ക്കു പരുക്കേറ്റു.
അല്‍ ഇത്തിഹാദ് റോഡില്‍ അല്‍ മുല്ല പ്ലാസയ്ക്കടുത്തെ ടണലിലായിരുന്നു മൂന്നാമത്തെ അപകടം. റോഡില്‍ നിന്ന് തെന്നിനീങ്ങിയ വാഹനം റോഡ് ബാരിയറിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരുക്കേറ്റു. നാലാമത്തെ അപകടം ഷെയ്ഖ് സായിദ് റോഡില്‍ പെട്ടെന്ന് ലൈന്‍ മാറിയതിനാല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായതാണ്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ പരുക്ക് സാരമുള്ളതാണ്. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ബര്‍ ദുബായിലേയ്ക്കുള്ള അല്‍ ഇത്തിഹാദ് റോഡിലാണ് മറ്റൊരപകടം. നടപ്പാതയിലേയ്ക്ക് പാഞ്ഞുകയറിയ വാഹനം മറിയുകയായിരുന്നു.
Your comment?