തിരുവനന്തപുരം: സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കുകയും 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകുന്നേരം 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.
ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് ഡിജിറ്റല്‍ വേര്‍തിരിവുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ സാധ്യമാക്കുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക് വഴിതുറക്കുന്നതാണ് പദ്ധതി. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ആദ്യഘട്ടം പൂര്‍ത്തിയാകുന്നത്.
വൈദ്യുതി പോസ്റ്റുകള്‍ വഴി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിച്ച് ഇന്റര്‍നെറ്റ് ലഭ്യതയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാനത്ത് 35,000 കിലോമീറ്ററില്‍ കേബിള്‍ശൃംഖല പൂര്‍ത്തിയാകുന്നതോടെ സെക്കന്‍ഡില്‍ പത്ത് എം.ബി. മുതല്‍ ഒരു ജി.ബി. വരെ വേഗം ഉറപ്പാക്കി ഇന്റര്‍നെറ്റ് ലഭ്യതയ്ക്കു വഴിയൊരുങ്ങും. കുത്തക ഇല്ലാതാക്കാന്‍ ഒന്നിലധികം സേവനദാതാക്കള്‍ക്കായിരിക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കലിന്റെ ചുമതല. ടെന്‍ഡര്‍ നടപടികളിലൂടെയാകും ഇത് പൂര്‍ത്തിയാക്കുക.
ഏഴു ജില്ലകളിലെ ആയിരത്തിലധികം സര്‍ക്കാര്‍ ഓഫീസുകളെ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുമായും സ്റ്റേറ്റ് ഡേറ്റാ സെന്ററുമായും ബന്ധിപ്പിക്കുന്നതാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്.
വൈദ്യുത ടവറുകളിലൂടെ വലിച്ച കോര്‍ റിങ് സംവിധാനമാണ് കെ-ഫോണിന്റെ പ്രവര്‍ത്തനശക്തിക്കു പിന്നില്‍. തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള റിങ് ആര്‍ക്കിടെക്ചര്‍ സംവിധാനമാണ് ഇതിനുള്ളത്. കോര്‍ റിങ്ങിനു കീഴില്‍ ജില്ലകളിലെ ഉപയോക്താക്കളെ ബന്ധിപ്പിച്ച് ആക്‌സസ് നെറ്റ്വര്‍ക്ക് സംവിധാനമുണ്ടാകും. ഇവയെ ബന്ധിപ്പിച്ച് ഇന്‍ഫോപാര്‍ക്കിലെ നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ ഉണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഇവ തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് ഉറപ്പാക്കും. കിഫ്ബി സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Your comment?