തിരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും; പ്രവാസി വോട്ട് അനുവദിക്കണം: ബിജെപി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യം നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. മേയില്‍ മതിയെന്നാണു ബിജെപി നിലപാട്. 140 മണ്ഡലങ്ങളിലും ഒറ്റ ദിവസം തന്നെ തിരഞ്ഞെടുപ്പു വേണമെന്നു 3 മുന്നണികളും ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ ഏറെസമയം ചെലവഴിച്ചാണ് ഓരോ രാഷ്ട്രീയ കക്ഷിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്.ഒറ്റദിന വോട്ടെടുപ്പ് മതിയെന്ന് കമ്മിഷനോട് മൂന്നു മുന്നണികളും
കലാശക്കൊട്ട് ആകാം, കരുതലോടെ: എല്‍ഡിഎഫ്
ഏപ്രില്‍ 13നു മുന്‍പ് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം. കലാശക്കൊട്ട് ഒഴിവാക്കേണ്ടതില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയെന്നും സിപിഎമ്മും സിപിഐയും അഭിപ്രായപ്പെട്ടു. കോവിഡ് കാരണം അധികമായി സജ്ജീകരിക്കുന്ന അനുബന്ധ ബൂത്തുകള്‍ പ്രധാന ബൂത്തിനടുത്താകണം. കോവിഡ് കാരണമുള്ള തപാല്‍ ബാലറ്റ് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും താല്‍പര്യമുള്ളവര്‍ക്കു മാത്രം അനുവദിച്ചാല്‍ മതിയെന്നും സിപിഐ നിര്‍ദേശിച്ചു.
പോളിങ് സമയം നീട്ടേണ്ടതില്ല: യുഡിഎഫ്
ഒറ്റ ദിവസ വോട്ടെടുപ്പ് മതി. ഏപ്രില്‍ 8നും 12നുമിടയിലാകാം. 14നാണു വിഷു. ഏപ്രില്‍ 4ന് ഈസ്റ്റര്‍ അവധി കഴിയും. റമസാന്‍ നോമ്പ് ഏപ്രില്‍ പകുതിയോടെ തുടങ്ങിയേക്കും. വോട്ടെടുപ്പ് നോമ്പുകാലത്താകരുത്. ഓരോ ബൂത്തിലെയും വോട്ടര്‍മാരുടെ എണ്ണം ആയിരമായി കുറച്ചതിനാല്‍ പോളിങ് സമയം നീട്ടേണ്ടതില്ല. 80 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സ്‌പെഷല്‍ വോട്ട് ദുരുപയോഗം ചെയ്യാനിടയുള്ളതിനാല്‍ വിതരണം കര്‍ശനമായി നിരീക്ഷിക്കണം.
പ്രവാസി വോട്ട് അനുവദിക്കണം: ബിജെപി
വോട്ടെടുപ്പ് ഒറ്റത്തവണയായി മേയില്‍ നടത്തണം. പ്രവാസികള്‍ക്കു വോട്ട് ചെയ്യാന്‍ നിയമഭേദഗതി വേണം. ബൂത്തിന് 200 മീറ്റര്‍ പരിധിക്കുള്ളില്‍ കേന്ദ്രസേനയെ വിന്യസിക്കണം. വെബ്കാസ്റ്റിങ് എല്ലാ ബൂത്തിലും വേണം. സ്‌പെഷല്‍ വോട്ട് ശേഖരണം അട്ടിമറിക്കിടയാക്കുമെന്നതിനാല്‍ അവര്‍ക്കും ബൂത്തിലെത്തി വോട്ട് ചെയ്യാനുള്ള ക്രമീകരണം വേണം.
Your comment?