തിരുവനന്തപുരം: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണം ആരംഭിച്ചു. ഇതോടൊപ്പം മേളയുടെ ഫെസ്റ്റിവല്‍ ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 11 ന് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് ആദ്യ പാസ് നല്‍കി ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് ശിവ മോളിക്ക് ആദ്യ ഡെലിഗേറ്റ് പാസ് നല്‍കിയത്. മഹാമാരിയുടെ ആദ്യ ഘട്ടങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി ഏറ്റവുമധികം ദിവസം കോവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവര്‍ത്തകയാണ് ശിവ മോളി.പാസ്സ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത് .
കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആവുന്ന ഡെലിഗേറ്റുകള്‍ക്ക് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ ഫെസ്റ്റിവല്‍ കിറ്റും പാസും കൈപ്പറ്റാം. മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ലാബുകളിലോ ആശുപത്രികളിലോ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പാസുകള്‍ കൈപ്പറ്റാം.
Your comment?