ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും താരോദയം. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും മുന്നണിപ്പോരാളിയായിരുന്ന യുവരാജ് സിങ്ങിന്റെ നാട്ടില്‍ നിന്നും ഒരു യുവതാരം കൂടി വരവറിയിച്ചു കഴിഞ്ഞു. പഞ്ചാബില്‍ നിന്നും ഭാവി വാഗ്ദാനമായി കടന്നുവന്നിരിക്കുകയാണ് ശുഭ്മന്‍ ഗില്‍ എന്ന 21കാരന്‍. യുവരാജിനെപ്പോലെ ഗില്ലും അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിലൂടെയാണു ശ്രദ്ധ േനടിയത്. 2000ല്‍ മുഹമ്മദ് കൈഫ് നയിച്ച ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ യുവരാജ് സിങ് ആയിരുന്നു. 2018ല്‍ പൃഥ്വിഷാ നയിച്ച ടീം അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം ശുഭ്മന്‍ ഗില്ലും. ആ ലോകകപ്പില്‍ 372 റണ്‍സ് നേടിയ ഗില്‍ തന്നെയായിരുന്നു ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും.
ഇന്ത്യന്‍ ക്രിക്കറ്റിനു ഭാവി നായകനെ കിട്ടിയെന്നു വാഴ്ത്തിപ്പാടുന്ന ഇന്നിങ്‌സോടെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറയായി. ഓസ്‌ട്രേലിയയ്ക്കെതിരെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിട്ടും പതറാതെ 91 റണ്‍സുമായി ഇന്ത്യയെ മുന്നോട്ടുനയിച്ചത് രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ശുഭ്മന്‍ ഗില്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയ ഒട്ടേറെ ഇന്നിങ്‌സ് കളിച്ചിട്ടുള്ള ഗില്‍ രാജ്യാന്തര തലത്തിലും അതേ മികവ് ആവര്‍ത്തിക്കുക മാത്രമാണു ചെയ്തത്.
Your comment?