5:32 pm - Thursday November 24, 8603

കണ്ണിനു കര്‍പ്പൂരമായി കലിയുഗവരദന്‍: പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതി ദര്‍ശിച്ചു

Editor

ശബരിമല: മകരസന്ധ്യാ ദീപാരാധനവേളയില്‍ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞപ്പോള്‍ ശബരിമലയില്‍ ഭക്തര്‍ ആനന്ദലഹരിയില്‍ ആറാടി. വൈകിട്ട് കൃത്യം 6.42 ന് മകരവിളക്ക് തെളിഞ്ഞു. തുടര്‍ന്ന് രണ്ടു തവണ കൂടി വിളക്ക് ദര്‍ശനമുണ്ടായി. ഇതോടെ ശബരിമല ശരണം വിളികളാല്‍ മുഖരിതമായി. പരമാനന്ദലഹരിയില്‍ തീര്‍ഥാടകര്‍ നിറഭക്തിയോടെ തൊഴുതു വണങ്ങി. സന്നിധാനത്തെ ആഴിയിലെ തീനാളങ്ങള്‍ സായംസന്ധ്യയില്‍ അലിഞ്ഞു ചേര്‍ന്ന് സമദര്‍ശനത്തിന്റെ പ്രഭ തീര്‍ത്തു. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ വിഗ്രഹവും മകരവിളക്കും കണ്ട നിര്‍വൃതിയിലാണ് ഭക്തര്‍ മലയിറങ്ങിയത്.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ 5000 പേര്‍ക്ക് മാത്രമാണ് സന്നിധാനത്ത് നിന്ന് മകരവിളക്ക് കണ്ട് തൊഴുന്നതിന് അനുമതിയുണ്ടായിരുന്നത്. ഇതിനായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ 8.40 ന് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എന്‍.കെ. ജയരാജ് പോറ്റി എന്നിവരുടെ നേതൃത്വത്തില്‍ മകരസംക്രമ പൂജ നടന്നു. വൈകിട്ട് 5.15 ന് തിരുവാഭരണം ഏറ്റുവാങ്ങാന്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസി.എക്സിക്യൂട്ടീവ് ഓഫീസര്‍ ജി. ഗോപകുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഇരുപതംഗ സംഘം പുറപ്പെട്ടു. ഇവരെ തന്ത്രി മാല അണിയിച്ചും മേല്‍ശാന്തി ഭസ്മം തൊടുവിച്ചുമാണ് യാത്രയാക്കിയത്.
ശരംകുത്തിയിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. നാഗസ്വരം, പഞ്ചവാദ്യം, തകില്‍, ചെണ്ടമേളം, കര്‍പ്പൂരാഴി, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ ആചാരപരമായാണ് സ്വീകരിച്ചത്. 6.28 ന് സന്നിധാനത്തെത്തിയ തിരുവാഭരണപ്പെട്ടി കൊടിമരച്ചുവട്ടില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, അംഗങ്ങളായ കെ.എസ്.രവി, പി.എം.തങ്കപ്പന്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, എ.ഡി.എം. ഡോ. അരുണ്‍ വിജയ്, ചീഫ് എന്‍ജിനിയര്‍ ജി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എസ്പി. പി.ബിജോയ്, സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍, പത്തനംതിട്ട എസ്പി. പി.ബി.രാജീവ്, ബോര്‍ഡിലെയും മറ്റ് വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ശ്രീകോവിലിലേക്ക് ആചാരപൂര്‍വം എത്തിച്ച തിരുവാഭരണം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു. മറ്റു രണ്ടു പേടകങ്ങള്‍ മാളികപ്പുറത്തേക്ക് കൊണ്ടുപോയി. ഒന്നില്‍ സ്വര്‍ണക്കൊടിയും മറ്റേതില്‍ തങ്കക്കുടവുമാണ് ഉണ്ടായിരുന്നത്. ജനുവരി 12നാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള ആഭരണങ്ങളും ചമയങ്ങളുമായി പിതാവ് മകനെ കാണാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് തിരുവാഭരണ ഘോഷയാത്ര എത്തുന്നത്.

 

 

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം: ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു

ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് നാളെ തുടക്കമാകും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ