തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്താകെ 41 പേരെ പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായവരിലേറെയും ഐ.ടി. പ്രൊഫഷണലുകളാണ്. പത്തനംതിട്ടയില്‍നിന്നുള്ള ഡോക്ടറും ഉള്‍പ്പെടുന്നു. പത്തനംതിട്ടയിലെ ഒരു പോലീസ് ട്രെയിനിയുടെ ഫോണ്‍ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്കയച്ചു.
465 സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാന്‍ ഉപയോഗിച്ച 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 339 കേസുകളും രജിസ്റ്റര്‍ ചെയ്തു. 596 പ്രദേശങ്ങളിലുള്ള വ്യക്തികളെ നിരീക്ഷണത്തിലാക്കി 320 സംഘങ്ങളാണ് പരിശോധന നടത്തിയത്. അറസ്റ്റിലായവരില്‍ ഇരുപതോളം പേര്‍ ഐ.ടി., അനുബന്ധ മേഖലകളില്‍ ജോലിചെയ്യുന്നവരോ ഐ.ടി. വിദ്യാര്‍ഥികളോ ആണ്.
കോവിഡില്‍ ദുരുപയോഗം കൂടി
കോവിഡ് പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ അശ്ലീലതയുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ദുരുപയോഗം വര്‍ധിച്ചതായി കേരള പോലീസ് കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സംഘം വ്യക്തമാക്കി. സംസ്ഥാനത്തിനകത്തുനിന്നുള്ള കുട്ടികളുടേത് ഉള്‍പ്പെടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഐ.ടി. രംഗത്തുള്ളവരായതിനാല്‍ മിക്കവരും ഉപകരണങ്ങളില്‍നിന്ന് തിരിച്ചെടുക്കാനാവാത്ത വിധം വിവരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സൈബര്‍ ഡോം തെളിവുകള്‍ ശേഖരിച്ചു.
Your comment?