ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ആദ്യം അനുമതി ലഭിക്കുക കോവിഷീല്‍ഡ് വാക്‌സീനാകുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ വാക്‌സീനേഷന്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ നടക്കവെയാണ് ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന് അടുത്ത ആഴ്ച ഇന്ത്യയില്‍ അടിയന്തര അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്‌സീന്‍ വികസിപ്പിക്കുന്നത്.
യുകെ ഡ്രഗ് റെഗുലേറ്ററിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതി യോഗം ചേര്‍ന്ന് വാക്‌സീന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തും. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ അവലോകനം ചെയ്യും. തുടര്‍ന്നാകും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുക.
സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറമേ ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികളും ഇന്ത്യയില്‍ വാക്‌സീന്റെ അടിയന്തര അനുമതിക്കായി സമീപിച്ചിട്ടുണ്ട് . ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ഫൈസര്‍ നിര്‍മിക്കുന്ന വാക്‌സീന് നിലവില്‍ യുകെ, യുഎസ്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ അനുമതി ലഭിച്ചിട്ടുണ്ട്.
Your comment?