അടൂര്‍: സംസ്ഥാനത്ത് തുടര്‍ഭരണം ലക്ഷ്യമിട്ട് സിപിഎം ഒരുക്കം തുടങ്ങി. പരമാവധി തദ്ദേശസ്ഥാപനങ്ങളില്‍ അധ്യക്ഷ പദവി ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി എന്തു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയാറാണ്. ഘടക കക്ഷികള്‍ക്കും സ്വതന്ത്രര്‍ക്കും വരെ അധ്യക്ഷ സ്ഥാനം നല്‍കി ഭരണം പിടിക്കാനാണ് നീക്കം.
തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പരമാവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതു മുന്നണിയുടേയോ മുന്നണി നേതൃത്വം നല്‍കുന്നതോ ആയ അധ്യക്ഷന്‍ വേണം. സിറ്റിങ് മണ്ഡലങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും പുതിയത് പിടിച്ചെടുക്കാനുമാണ് ശ്രമം. പത്തനംതിട്ടയില്‍ ഈ തരത്തില്‍ രണ്ടു നഗരസഭകളില്‍ ഭരണം നേടാനാണ് എല്‍ഡിഎഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അടൂര്‍ നഗരസഭയില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജിയെ ആദ്യ ടേമില്‍ ചെയര്‍മാന്‍ ആക്കും. രണ്ടു വര്‍ഷമാകും കാലാവധി. ശേഷിച്ച മൂന്നു വര്‍ഷം സിപിഎം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും.
ജില്ലാ എല്‍ഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 28 ല്‍ 14 സീറ്റ് നേടിയ എല്‍ഡിഎഫില്‍ സിപിഎമ്മിന് ഏഴും സിപിഐയ്ക്ക് ആറും കേരളാ കോണ്‍ഗ്രസ് എമ്മിന് ഒന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ നഗരസഭാ ഭരണത്തില്‍ രണ്ടാമത്തെ ടേമിലാണ് സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചത്. ആറാം വാര്‍ഡില്‍ നിന്ന് 241 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി വിജയിച്ചു കയറിയത്. സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടു പേര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒന്നിലധികം പേര്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവകാശവാദവുമായി വരുന്നതിനിടെയാണ് സിപിഐക്ക് ആദ്യ ടേം നല്‍കിയിരിക്കുന്നത്. സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകുമെന്നാണ് അറിയുന്നത്.
അടൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് എംഎല്‍എ. വരുന്ന തെരഞ്ഞെടുപ്പിലും ചിറ്റയം തന്നെയാകും സ്ഥാനാര്‍ത്ഥി. സിപിഐയുടെ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ നിന്നുള്ളയാള്‍ നഗരസഭാ ചെയര്‍മാനായിരിക്കുന്നത് ഗുണം ചെയ്യുമെന്ന് സിപിഎം കരുതുന്നു. മണ്ഡലത്തില്‍ രണ്ടു നഗരസഭകളാണുള്ളത്. അതില്‍ പന്തളം എന്‍ഡിഎ കൈവശപ്പെടുത്തി കഴിഞ്ഞു. ഭരണ കക്ഷി എന്ന നിലയില്‍ നഗരസഭയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ എന്‍ഡിഎയ്ക്ക് കഴിയും.
പത്തനംതിട്ട നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരിക്കാനുള്ള നീക്കം സിപിഎം നടത്തുകയാണ്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ പ്രസ്റ്റീജ് പദ്ധതിയായ ജില്ലാ സ്റ്റേഡിയം നവീകരണമാണ് നഗരസഭാ ഭരണം പിടിക്കണമെന്ന വാശിയില്‍ എത്തിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന യുഡിഎഫ് കൗണ്‍സില്‍ എംഎല്‍എയുടെ നവീകരണ പദ്ധതിക്ക് അനുവാദം നല്‍കിയിരുന്നില്ല.
എംപിയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അനുവാദം കൊടുക്കുകയും ചെയ്തു. ഇക്കുറി എങ്ങനെയും ഭരണം പിടിക്കാനുള്ള തത്രപ്പാടിലാണ് എല്‍ഡിഎഫ്.
Your comment?