ലോഡ്ജില്‍ കയറിയ മോഷ്ടാക്കള്‍ അരലക്ഷം രൂപയും ഒരാളുടെ മാത്രം തിരിച്ചറിയല്‍ രേഖയും മോഷ്ടിച്ചു: ദുരൂഹതയെന്ന് പൊലീസ്
മല്ലപ്പള്ളി: പട്ടാപ്പകല്‍ മാസ്‌ക് ധരിച്ചെത്തിയ യുവാക്കള്‍ ലോഡ്ജ് മുറിയില്‍ കടന്നു കയറി അരലക്ഷം രൂപയും രണ്ടു പേരുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒരാളുടേത് മാത്രം മോഷ്ടിച്ച് കടന്നു കളഞ്ഞുവെന്ന് പരാതി. ചെങ്ങരൂര്‍ ബി.എഡ് കോളജിന് സമീപമുള്ള ലോഡ്ജിന്റെ ഒന്നാം നിലയിലെ മുറിയില്‍ താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശിയായ രവിയുടെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പണം എന്നിവയാണ് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് നീക്കിയ ബൈക്കിലെത്തിയ യുവാക്കളാണ് മോഷണം നടത്തിയത്.
ഇവര്‍ ബൈക്കില്‍ വന്നിറങ്ങുന്നതും മാസ്‌ക് ധരിച്ച് ലോഡ്ജിലേക്ക് പോകുന്നതും താഴത്തെ നിലയിലുള്ള ഫര്‍ണിച്ചര്‍ കടയിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കീഴ്വായ്പൂര്‍ പോലീസ് സ്ഥലത്ത് വന്ന് ദൃശ്യങ്ങള്‍ ശേഖരിച്ചു. രവിയുമായി അടുപ്പമുള്ളവരാകാം മോഷ്ടാക്കള്‍ എന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ രവിയുടെയും മകന്റെയും പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നു. ഇവയില്‍ നിന്ന് രവിയുടേത് മാത്രമാണ് എടുത്തു കൊണ്ടു പോയിട്ടുള്ളത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
Your comment?