പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാളെ ആദ്യ ഘട്ട വോട്ടെടുപ്പു നടക്കുന്ന 71 മണ്ഡലങ്ങളിലെ പ്രചാരണം സമാപിച്ചു. എന്‍ഡിഎയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തിയെങ്കിലും റാലികളിലെ ജനാവലിയില്‍ ആര്‍ജെഡിയുടെ തേജസ്വി യാദവാണു താരം. ഭരണവിരുദ്ധ വികാരമിളക്കുന്നതില്‍ മഹാസഖ്യത്തിന്റെ തന്ത്രങ്ങള്‍ ഫലിക്കുന്നതായാണു സൂചന. തേജസ്വിയുടെ റാലികളിലെ ജനക്കൂട്ടവും ആവേശവും വോട്ടായി മാറിയാല്‍ ബിഹാറില്‍ ഭരണം മാറും.
നിതീഷ് സര്‍ക്കാരിലെ 8 മന്ത്രിമാര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായുണ്ട്. ജെഡി-യുവിന്റെയും ബിജെപിയുടെയും 4 പേര്‍ വീതം. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ലഭിച്ച 7 സീറ്റുകളില്‍ പാര്‍ട്ടി നേതാവ് ജിതന്‍ റാം മാഞ്ചിയുടെ ഇമാംഗഞ്ച് ഉള്‍പ്പെടെ 6 സീറ്റുകളിലും ആദ്യഘട്ടത്തില്‍ ജനം വിധിയെഴുതും.
എന്‍ഡിഎയില്‍ ജെഡി-യു 35, ബിജെപി 29, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 6, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 1 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സ്ഥാനാര്‍ഥികള്‍. മഹാസഖ്യത്തില്‍ ആര്‍ജെഡി 42, കോണ്‍ഗ്രസ് 21, സിപിഐ (എംഎല്‍) 8 എന്നിങ്ങനെയും.
Your comment?