കല്‍പാന്ത കാലത്തോളം എന്നു തുടങ്ങുന്ന പാട്ട് സംഗീത സംവിധായകന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അതൊരു അനുഭൂതിയാകുന്നു
1984 ലാണ് ശ്രീമൂലനഗരം വിജയന്‍ സംവിധാനം ചെയ്ത എന്റെ ഗ്രാമം എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമ മുഴുവന്‍ കളറിലേക്ക് മാറിക്കഴിഞ്ഞ സമയം. അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടാണ് എന്റെ ഗ്രാമം എത്തിയത്. സോമനും കനകദുര്‍ഗയും പ്രധാന വേഷത്തില്‍. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം കല്‍പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ഹാരഹാരവുമായി നില്‍ക്കും എന്ന ഗാനമായിരുന്നു. ശ്രീമൂലനഗരം വിജയന്‍ രചിച്ച് വിദ്യാധരന്‍ ഈണം നല്‍കി യേശുദാസ് പാടിയ ഈ പാട്ട് സര്‍വകാല ഹിറ്റാണ്. മലയാള സിനിമയിലെ 10 മികച്ച ഗാനങ്ങള്‍ തെരഞ്ഞെടുത്താല്‍ അതിലൊന്ന് ഇതായിരിക്കും. നേരത്തേ ഒരു നാടകത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഈ പാട്ട് സിനിമയില്‍ ഉപയോഗിക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. കഴിവുറ്റ ഒരു സംഗീത സംവിധായകനെ കൂടിയാണ് ഈ പാട്ട് മലയാള സിനിമയ്്ക്ക് നല്‍കിയത്.
പിന്നീട് നിരവധി ഗാനങ്ങള്‍ വിദ്യാധരന്‍ മലയാള സിനിമയ്ക്ക് നല്‍കി. നഷ്ടസ്വര്‍ഗങ്ങളേ, മാനവഹൃദയത്തിന്‍, വിണ്ണിന്റെ വിരിമാറില്‍, ഏഴു നിറങ്ങളുള്ള, മഞ്ഞിന്‍ വിലോലമാം, അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും അങ്ങനെ ഒരു പിടി സിനിമാഗാനങ്ങളും പിന്നെ ഒരു പാട് ലളിതഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും അദ്ദേഹം നമുക്ക് നല്‍കി.
ഇപ്പോഴിതാ തന്റെ എക്കാലത്തെയും മികച്ച ഗാനത്തിന് കവര്‍ സോങുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാധരന്‍. കല്‍പാന്ത കാലത്തോളം എന്നു തുടങ്ങുന്ന പാട്ട് സംഗീത സംവിധായകന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അതൊരു അനുഭൂതിയാകുന്നു. ഗാനം കേള്‍ക്കാം..കാണാം…
https://www.facebook.com/112521963945450/videos/779506692783017/?modal=admin_todo_tour
Your comment?