130 ഗ്രാം പണയ സ്വര്‍ണം എടുത്തു വിറ്റതില്‍ 79 ഗ്രാം മുക്കുപണ്ടം: യുവതി അറസ്റ്റില്‍
അടൂര്‍: പണയത്തിലുള്ള സ്വര്‍ണം എടുക്കാന്‍ സഹായിച്ചവരെ മുക്കുപണ്ടം നല്‍കി പറ്റിക്കാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. തട്ടിപ്പിന് ഇരയായവര്‍ ഒതുക്കിയ സംഭവം പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പെരുനാട് മാടമണ്‍ ഊളക്കാവില്‍ സന്ധ്യ(32) ആണ് പിടിയിലായത്. റാന്നിയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ പണയത്തില്‍ ഇരിക്കുന്ന പത്ത് ലക്ഷം രൂപയുടെ 333 ഗ്രാം സ്വര്‍ണം എടുക്കാന്‍ സഹായം ആവശ്യപ്പെട്ടാണ് സന്ധ്യ ഏഴംകുളത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ എത്തിയത്. ഒന്നിച്ച് 10 ലക്ഷം എടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇഅപ്പോള്‍ നാലര ലക്ഷം നല്‍കാമെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ സമ്മതിച്ചു. ഇതിന്‍ പ്രകാരം യുവതിയും സ്ഥാപനത്തിലെ രണ്ടു പേരും കൂടി റാന്നിയിലെ ധനകാര്യ സ്ഥാപനത്തില്‍ എത്തി. യുവതി ഒറ്റയ്ക്കാണ് പണവുമായി സ്ഥാപനത്തിനകത്തു കയറി പണയ ഉരുപ്പടി എടുത്തത്.
പിന്നീട് ഏഴംകുളത്തെ സ്ഥാപനത്തില്‍ എത്തി.130 ഗ്രാം സ്വര്‍ണം ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ നടന്ന പരിശോധനയില്‍ 51ഗ്രാം സ്വര്‍ണവും ബാക്കി 79 ഗ്രാം മുക്കുപണ്ടവുമായിരുന്നുവെന്ന് മനസിലായി. ഇതോടെ യുവതിയെ സ്ഥാപനത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു. പക്ഷെ രാത്രി എട്ടു കഴിഞ്ഞിട്ടും ധനകാര്യ സ്ഥാപന ഉടമകള്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ജീവനക്കാര്‍ സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുത്തു. പൊലീസ് ഇന്‍സ്പെക്ടര്‍ യു. ബിജു, എസ്.ഐ അജികുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Your comment?