കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയതിനു പിന്നാലെ പിടികൂടിയ ‘ഡ്രാക്കുള’ സുരേഷ് വീണ്ടും രക്ഷപ്പെട്ടു
കൊച്ചി: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയതിനു പിന്നാലെ പോലീസ് പിടികൂടിയ പ്രതി വീണ്ടും രക്ഷപ്പെട്ടു.നിരവധി കേസുകളില്‍ പ്രതിയായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷാണ് ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്.
കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിന്റെ രണ്ടാംനിലയില്‍നിന്ന് വാതില്‍ പൊളിച്ച് താഴേക്ക് ചാടുകയായിരുന്നു. കണ്ണൂര്‍ സ്വദേശി നിഷാലും ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയാണ് സുരേഷ് പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് രാത്രി നിരീക്ഷണത്തിനായി ഇയാളെ കറുകുറ്റി കോവിഡ് കെയര്‍ സെന്ററിലാക്കി. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. മേപ്രത്ത് പടിയിലുള്ള ഒരു വീട്ടില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുരേഷിനെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച ഇയാള്‍ വീണ്ടും പുറത്തുചാടിയത്.
ഇതേത്തുടര്‍ന്ന് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രം റൂറല്‍ എസ്.പി കെ. കാര്‍ത്തിക്ക് സന്ദര്‍ശിച്ചു. കോടതി റിമാന്‍ഡ് ചെയ്യുന്ന പ്രതികളെ കോവിഡ് പരിശോധന നടത്തി ഫലം വരുന്നതുവരെ പാര്‍പ്പിക്കുന്ന കേന്ദ്രമാണിത്. ഇവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച എസ്.പി അവ ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. അമ്പതോളം പ്രതികളാണ് രണ്ട് നിലകളുള്ള കെട്ടിടത്തിലുള്ളത്. കോവിഡ് പോസിറ്റീവ് ആകുന്നവരെ ഇവിടെനിന്ന് എഫ്എല്‍ടിസി കളിലേക്കും നെഗറ്റീവ് ആകുന്നവരെ ജയിലിലേക്കും അയയ്ക്കുകയാണ് ചെയ്യുന്നത്.
Your comment?