
അബുദാബി: കോവിഡ് 19 വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗികള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78,849 ആയി. 521 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 68,983 ഉം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ: 399. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: 9467. 95,287 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗ സ്ഥിരീകരണമുണ്ടായത്. കൊറോണ വൈറസ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു.
രോഗം ബാധിച്ച വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ആരോഗ്യ സ്ഥിതിയില്‍ ആശങ്കവേണ്ടെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് വ്യാപനം ഉണ്ടായ ശേഷം ഇതാദ്യമാണ് യുഎഇയില്‍ രോഗികളുടെ എണ്ണം ഒരുദിവസം ആയിരം കടക്കുന്നത്. ഓഗസ്റ്റ് 10ന് ശേഷം അഞ്ച് മടങ്ങ് രോഗികള്‍ വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹൊസനി പറഞ്ഞു. ഇതില്‍ 88% പേര്‍ക്കും രോഗം ബാധിച്ചത് പാര്‍ട്ടികള്‍, അനുശോചന പരിപാടികള്‍ തുടങ്ങിയ കൂട്ടായ്മകളില്‍ നിന്നും ക്വാറന്റീന്‍ പ്രോട്ടോകോള്‍ ലംഘിച്ചതു മൂലവുമാണെന്ന് വ്യക്തമാക്കി.
Your comment?