എസ്ബിഐയുടെ കടമ്പനാട് സിഡിഎമ്മില്‍ പണമിട്ട യുവാവിന് ലഭിച്ചത് മെഷിന്‍ കേടാണെന്ന അറിയിപ്പ്: 41,000 രൂപ പോയ യുവാവ് പരാതിയുമായി രംഗത്ത്
കടമ്പനാട്: ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ചികില്‍സാ ആവശ്യത്തിനായി പണം അയയ്ക്കാന്‍ എസ്ബിയുടെ സിഡിഎമ്മില്‍ (ക്യാഷ് ഡെപ്പോസിറ്റ് മെഷിന്‍) കയറിയ യുവാവിന് നഷ്ടമായത് 41,000 രൂപ. പണം ഇട്ടതിന് പിന്നാലെ പ്രോസസ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിപ്പു ലഭിക്കുകയായിരുന്നു. അങ്കലാപ്പിലായ ഇടപാടുകാരന്‍ അവിടെ എഴുതിയിരുന്ന കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചു. ഫോണ്‍ എടുത്ത സ്ത്രീ ഇയാളോട് തട്ടിക്കയറുകയാണ് ചെയ്തത്. മെഷീന്‍ കേടാണെന്നും അത് അവിടെ എഴുതി വച്ചിട്ടില്ലേ എന്നുമായിരുന്നു ചോദ്യം. യുവാവ് റൂം മുഴുവന്‍ പരിശോധിച്ചിട്ടും അങ്ങനെ ഒരു മുന്നറിയിപ്പ് കാണാന്‍ കഴിഞ്ഞില്ല. ഈ വിവരം ഇദ്ദേഹം പറഞ്ഞപ്പോള്‍ അതാരെങ്കിലും വലിച്ചു കീറിയതാകാമെന്ന് നിസാരവല്‍ക്കരിക്കുയാണ് ആ സ്ത്രീ ചെയ്തത് എന്ന് യുവാവ് പറയുന്നു.
തകരാറുള്ള മെഷിന്‍ ആണെങ്കില്‍ അവിടെ മുന്നറിയിപ്പ് എഴുതി വയ്ക്കുകയല്ല, ഓഫ് ആക്കി വയ്ക്കുകയാണ് വേണ്ടത്. ഇട്ടു പോയതിനാല്‍ അത് തിരിച്ചെടുക്കാനും കഴിഞ്ഞില്ല. സ്വകാര്യ ആശുപത്രിയില്‍ പണത്തിന് വേണ്ടി കാത്തു നിന്നവര്‍ക്ക് പെട്ടെന്ന് കിട്ടാനാണ് സിഡിഎം മെഷിനില്‍ നിക്ഷേപിച്ചത്. കുടുങ്ങിപ്പോയ പണം ഒരു പാട് പ്രൊസസിങിന് ശേഷം മാത്രമേ തിരികെ ലഭിക്കൂ എന്നാണ് ബാങ്കിലെ മറ്റ് അധികൃതര്‍ അറിയിച്ചത്.
പണത്തിന് വേണ്ടി കാത്തു നിന്നവര്‍ ഈ വിവരം അറിഞ്ഞ് ഞെട്ടിപ്പോയി. പണം നല്‍കാന്‍ തയാറായ യുവാവിന് പിന്നീട് നാടുമുഴുവന്‍ ഓടി നടന്ന് കടം വാങ്ങി നേരിട്ട് ആശുപത്രിയില്‍ എത്തിച്ചു നല്‍കേണ്ടി വന്നു.
Your comment?