ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അറ്റസ്റ്റേഷന്‍ കുവൈത്ത് നിര്‍ത്തി

കുവൈത്ത് സിറ്റി ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയും മാന്‍പവര്‍ അതോറിറ്റിയും താല്‍ക്കാലികമായി നിര്‍ത്തി. എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ലഭിക്കുന്നതിന് ചിലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഓരോ രാജ്യത്തും കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികളുടെ അംഗീകാരമുള്ള എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കുവൈത്തില്‍ എന്‍ജിനീയര്‍ തസ്തികയില്‍ ജോലി ചെയ്യാന്‍ കഴിയൂ.
ഇതു മറികടക്കാന്‍ പലരും വ്യാജരേഖകള്‍ ഹാജരാക്കുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. അതേസമയം, ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും കുവൈത്തില്‍ അംഗീകരിക്കാത്ത സാഹചര്യവുമുണ്ട്. കുവൈത്ത് അംഗീകരിച്ച ഏജന്‍സികളുടെ അംഗീകാരമില്ല എന്നതാണ് കാരണം. ഈ വിഷയം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും ഫലപ്രാപ്തിയില്‍ എത്തിയിട്ടുമില്ല. അതിനിടെയാണ് അറ്റസ്റ്റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
Your comment?