കോവിഡ് പ്രതിരോധത്തില്‍ മാസ്‌കിനുള്ള സ്ഥാനം അടിവരയിട്ട് പറഞ്ഞ് ഒരു ഹൃസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യമലോകത്ത് നിന്ന് കര്‍ക്കിടകവാവിന് നാട്ടിലെത്തിയ പിതാവ് അവിടെ കാലന്‍ വരെ മാസ്‌കിട്ടോണ്ടാ നടക്കുന്നത് എന്ന വിവരം അറിയിക്കുന്നതാണ് ചിത്രത്തിന്റെ കാതല്‍. കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് പിതൃക്കള്‍ക്ക് വെള്ളമൂട്ട് ചടങ്ങ് നടത്താന്‍ നില്‍ക്കുന്ന മകന്റെ മുന്നില്‍ സ്വന്തം പിതാവ് പ്രത്യക്ഷപ്പെടുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തലയിലെ കെട്ടും മൂക്കിലെ പഞ്ഞിക്കും പുറമേ എന്‍ 95 മാസ്‌കും ധരിച്ചാണ് പിതാവിന്റെ വരവ്. വന്ന വരവിന് ഒഴിച്ചു വച്ചിരിക്കുന്ന ഒരു പെഗ് പിടിപ്പിച്ച ശേഷം പരേതന്‍ മകനുമായി യമലോകത്തെ വിശേഷം പങ്കു വയ്ക്കുകയാണ്. ഇതിനിടെ മകന്‍ ഒരു മാസ്‌ക് എടുത്തു ധരിക്കുന്നു.
മൂക്കും വായയും മൂടി കെട്ടുന്നതിന് പകരം താടിയില്‍ ഫിറ്റ് ചെയ്തിരിക്കുകയാണ് മാസ്‌ക്. ഇത് കണ്ട് യമലോകത്ത് കാലന്‍ വരെ മാസ്‌ക് വച്ചാണ് നടക്കുന്നത് എന്ന അറിവ് പിതാവ് മകന് പകര്‍ന്നു നല്‍കുന്നു. നേരാം വണ്ണം മാസ്‌ക് ധരിക്കാത്ത നീ അടുത്തയാഴ്ച അവിടെ എത്തിക്കോളുമെന്നും അന്നേരം അവിടെ വച്ച് കാണാമെന്നും പറഞ്ഞ് പിതാവ് അപ്രത്യക്ഷനാകുന്നിടത്ത് ചിത്രം അവസാനിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായ ആ ഹൃസ്വചിത്രം ഇവിടെ കാണാം.
Your comment?