ഏകദിനത്തില്‍: ഗാവസ്‌കറുടെ റെക്കോഡിന് 45 വയസ്

ടെസ്റ്റ് ക്രിക്കറ്റ് ഏകദിനം പോലെ കളിക്കുന്ന ബാറ്റ്സ്മാന്മാരുടെ കാലമാണിത്. എന്നാല്‍, ഏകദിന മത്സരം ടെസ്റ്റ് ക്രിക്കറ്റാക്കി കളിച്ച കാലത്തെ കഥയാണിത്. 174 പന്ത് നേരിട്ട് 36 റണ്‍സ് മാത്രം എടുത്ത ഒരു ലിറ്റില്‍ മാസ്റ്റര്‍ നമുക്കുണ്ടായിരുന്നു. സച്ചിന്‍ ലിറ്റില്‍ മാസ്റ്റര്‍ ആകുന്നതിന് മുന്‍പ് ആ സ്ഥാനം ലഭിച്ച സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍
ഏറെ ചര്‍ച്ചയായ ആ ഇന്നിങ്സ് പിറന്നിട്ട് 45 വര്‍ഷം പിന്നിട്ടു. ‘ലിറ്റില്‍ മാസ്റ്റര്‍’ എന്നു വിളിപ്പേരുള്ള ഇന്ത്യയുടെ മുന്‍താരം സുനില്‍ ഗവാസ്‌കറിന്റെ കരിയറിലെ ഏറെ പരിതാപകരമായ ഏകദിന ഇന്നിങ്സ് ആയിരുന്നു അത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിനു തുടക്കംകുറിച്ചത് 1975 ജൂണ്‍ ഏഴിനാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ലോകകപ്പായിരുന്നു 1975 ജൂണ്‍ ഏഴിനു ഇംഗ്ലണ്ടില്‍ ആരംഭിച്ചത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സിലായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ഉദ്ഘാടനമത്സരം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് നേടി. 60 ഓവറായിരുന്നു അന്ന് ഏകദിന മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മത്സരം ഏകദിനമാണെന്ന് അപ്പാടെ മറന്നു. 60 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് വെറും 132 റണ്‍സ് മാത്രം. വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിക്കറ്റുകള്‍ ശേഷിക്കുമ്പോള്‍ പോലും വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആരും തയ്യാറായില്ല. ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന ലാഘവത്തോടെയാണ് ഇന്ത്യ അന്ന് ഏകദിനത്തില്‍ ബാറ്റ് ചെയ്തത്. 1971ല്‍ തുടങ്ങിയ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 19ാമത്തെ മാത്രം മത്സരമായിരുന്നു അത്.
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് നാണക്കേടായി. എന്നാല്‍, അതിലും നാണക്കേടായത് അന്നത്തെ ഓപ്പണര്‍ ബാറ്റ്സ്മാനായ സുനില്‍ ഗവാസ്‌കറിന്റെ ഇന്നിങ്സാണ്. 174 പന്തുകള്‍ നേരിട്ട ഗവാസ്‌കര്‍ നേടിയത് വെറും 36 റണ്‍സ് മാത്രമാണ്. ഒരു ഫോര്‍ മാത്രമാണ് ഗവാസ്‌കറിനു കണ്ടെത്താനായത്. 60 ഓവര്‍ കഴിയുമ്പോഴും ഗവാസ്‌കര്‍ ഒരറ്റത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു. എസ്.വെങ്കട്ടരാഘവനാണ് ആ ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിച്ചത്. വെസ്റ്റ് ഇന്‍ഡീസ് ആയിരുന്നു പ്രഥമ ലോകകപ്പിലെ കിരീടജേതാക്കള്‍.
രണ്ട് തവണയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. 1983 ലും 2011 ലും. 1983 ല്‍ കപില്‍ ദേവും 2011 ല്‍ എം.എസ്.ധോണിയുമാണ് ഇന്ത്യയെ നയിച്ചത്. ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് നേടിയ ടീം ഓസ്ട്രേലിയയാണ്. കംഗാരുക്കള്‍ അഞ്ച് തവണയാണ് ലോകകപ്പില്‍ മുത്തമിട്ടത്. അടുത്ത ലോകകപ്പ് 2023 ല്‍ ഇന്ത്യയിലാണ് നടക്കുക.
Your comment?