
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 90,787 ആയി. 2259 പേര്‍ക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. 120 പേരാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3289 ആയി. 44849 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍.
മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 51,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1760 ആണ് മുംബൈയിലെ ആകെ മരണം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിനനിടയിലാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 15 ശതമാനം ജീവനക്കാരെവച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. പ്ലമ്പര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, ടെക്നീഷ്യന്മാര്‍ എന്നിവര്‍ക്ക് സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി ജോലിചെയ്യാനുള്ള അനുമതിയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതിനിടെ, വൈറസ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്ടില്‍ 1685 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 34,914 ആയി. 21 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 307 ആയി.
തലസ്ഥാനമായ ചെന്നൈയില്‍ മാത്രം ചൊവ്വാഴ്ച 1242 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ചെന്നൈയിലെ വൈറസ് ബാധിതരുടെ എണ്ണം 24,545 ആയതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 16279 ആണ് നിലവില്‍ തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍. 798 പേര്‍ ഇന്ന് ആശുപത്രിവിട്ടു. 18325 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
Your comment?