
തിരുവനന്തപുരം: മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിനീങ്ങുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ അതിതീവ്രമാകുമെന്ന് കാലാവസ്ഥാവിഭാഗം. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. റായ്ഗഢ്, പാല്‍ഘര്‍, താനെ, മുംബൈ ജില്ലകളില്‍ കനത്തനാശം വിതയ്ക്കും. കോവിഡിനോട് പൊരുതുന്ന മുംബൈ നഗരത്തില്‍ പേമാരികൂടിയെത്തുന്നത് ആശങ്കപരത്തുന്നുണ്ട്.
കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്തമഴയും കാറ്റും തുടരും. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയുള്ള ശക്തമോ, 20.4 സെന്റീമീറ്റര്‍വരെ അതിശക്തമോ ആയ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.
Your comment?