തിരുവല്ല: 28 വര്‍ഷം കൊണ്ട് അടൂരുകാരന്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (56) സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നാട്ടുകാരെ പറ്റിച്ചുണ്ടാക്കിയത് 150 കോടിയോളം രൂപ. സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായപ്പോള്‍ തന്റെ കൈവശം ഇനി ഇതേയുള്ളൂവെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാട്ടിയത് പാപ്പര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. സര്‍ക്കാര്‍ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന പേരിനോട് സാമ്യമുള്ള കേരളാ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം മുഖേനെയായിരുന്നു അടൂര്‍ ചൂരക്കോട് ചാത്തന്നൂര്‍പ്പുഴ മുല്ലശ്ശേരില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ തട്ടിപ്പ് നടത്തിയത്.
സാധാരണക്കാര്‍ മുതല്‍ ഗസറ്റഡ് റാങ്കില്‍ നിന്നും റിട്ടയറായവര്‍ വരെ തട്ടിപ്പിന് ഇരയായി. തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിക്ക് നേരേ തട്ടിപ്പിനിരയായ സ്ത്രീകളുടെ ആക്രോശവും ശാപവചനങ്ങളും ഉയര്‍ന്നു. തട്ടിപ്പു നടത്തിക്കിട്ടിയ കോടികള്‍ കൊണ്ട് മുഖ്യ പ്രതിയും കൂട്ടാളികളും കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത് വകകളും ആഡംബര വാഹനങ്ങളും. നിക്ഷേപങ്ങള്‍ക്ക് ബാങ്ക് പലിശയുടെ മൂന്നിരട്ടി വരെ പ്രതിമസം പലിശ ലഭിക്കുമെന്ന കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ജീവതത്തിലെ സമ്പാദ്യത്തുക അപ്പാടെ നഷ്ടമായവര്‍ക്ക് അവസാനം ബാക്കിയാകുന്നത് പരാതിയും കൊണ്ടുള്ള പോലീസ് സ്റ്റേഷനുകളുടെ തിണ്ണ നിരങ്ങലും കണ്ണീരും ശാപവചനങ്ങളും മാത്രം.
കോടികളുടെ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ എം ഡിയും തട്ടിപ്പിലെ മുഖ്യ സൂത്രധാരനുമായ അടൂര്‍ ചൂരക്കോട് ചാത്തന്നൂര്‍പ്പുഴ മുല്ലശ്ശേരില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ( 56 ) അടക്കമുള്ള പ്രതികളെ പോലീസ് വലയിലാക്കിയപ്പോള്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ പ്രതികള്‍ക്ക് നിരത്താനുള്ളത് കോടതിയില്‍ നിന്നും നേടിയെടുത്ത പാപ്പര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് മാത്രം. 1992 മുതല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കേരളാ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിലായിരുന്നു കോടികളുടെ തട്ടിപ്പ് അരങ്ങേറിയത്. നൂറു കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ സൂത്രധാരനും കമ്പനി എം ഡിയുമായ മുഖ്യ പ്രതിയായ ഉണ്ണികൃഷ്ണന്‍ നായരെ ചൊവ്വാഴ്ച ഉച്ചയോടെ തിരുവല്ല കച്ചേരിപ്പടിയിലെ ബ്രാഞ്ചില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പണം എങ്ങനെ തിരിച്ചു നല്‍കുമെന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സ്ഥാപനത്തിന് മുമ്പില്‍ തടിച്ചു കൂടിയ നിക്ഷേപകരുടെയും ചോദ്യങ്ങള്‍ക്ക് മുമ്പിലാണ് എംഡിയായ ഉണ്ണികൃഷ്ണന്‍ പാപ്പര്‍ ഹര്‍ജി കഥ നിരത്തിയത്.
മക്കളുടെ വിവാഹ ആവശ്യത്തിനായി കരുതി വെച്ച പണം മുതല്‍ റിട്ടയര്‍മെന്റ് സമയത്ത് ലഭിച്ച തുകയടക്കം കമ്പനിയില്‍ നിക്ഷേപിച്ചവരുമാണ് എം ഡിയുടെ പാപ്പര്‍ ഹര്‍ജിക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 28 ശാഖകള്‍ വഴിയായിരുന്നു തട്ടിപ്പുകള്‍ അരങ്ങേറിയത്. ഉണ്ണികൃഷ്ണന്‍ നായരെ കൂടാതെ സ്ഥാപനത്തിന്റെ എം ഡി മാരായ ഭാര്യ കോമള, കൃഷ്ണന്‍ നായര്‍ , വിജയലക്ഷ്മി എന്നിവരും കേസില്‍ പ്രതികളാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്നൂറില്‍പ്പരം കേസുകളാണ് ഇതു വരെയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവല്ല പോലീസ് സ്റ്റേഷനില്‍ മാത്രം ഇതു വരെ മുപ്പതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് സംസ്ഥാനത്തെ ബ്രാഞ്ചുകള്‍ മുഴുവന്‍ ഒറ്റയടിക്ക് അടച്ചു പൂട്ടി മുങ്ങിയ ഉണ്ണികൃഷ്ണന്‍ വിവിധ ജില്ലകളിലായി വാടക വീടുകളില്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു.
ഇതിനിടെയാണ് എറണാകുളം ബ്രാഞ്ചിലെ ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ മാസം ഉണ്ണികൃഷ്നെ വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്റിലായിരുന്നു. അവിടെ നിന്നുമാണ് തിരുവല്ല സ്റ്റേഷനിലെ പരാതികളിന്‍മേല്‍ കോടതി മുഖേന തിരുവല്ല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പിനായി എത്തിച്ച കൃഷ്ണന്‍ നായരെക്കണ്ട് നിക്ഷേപകരായ സ്ത്രീകളില്‍ ചിലര്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു. 15 മിനിട്ട് നേരം നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷം ഇയാളെ കാക്കനാട് ജയിലിലേക്ക് തിരികെ കൊണ്ടുപോയി. നിരാലംബരും വിധവകളുമായ സ്ത്രീകളെ ആയിരുന്നു
നിക്ഷേപ സമാഹരണത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരായി സ്ഥാപനത്തില്‍ നിയമിച്ചവരിലേറെയും. ഇവര്‍ മുഖേനെയാണ് പ്രതികള്‍ ഏറിയ പങ്ക് പണവും നിക്ഷേപകരില്‍ നിന്നും സമാഹരിച്ചത്. കമ്പനി പൂട്ടിയതോടെ നാട്ടിലിറങ്ങി നടക്കുന്നതിന് വരെ തങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും ഏജന്റുമാര്‍ പലരും പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൃഷ്ണന്‍ നായര്‍ അറസ്റ്റിലായിരുന്നു. കോമളയും വിജയലക്ഷ്മിയും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.
Your comment?