ഉത്രയുടെ കൊലപാതകം: വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട സ്വര്‍ണം കണ്ടെടുത്തു: ഒളിപ്പിച്ചതിന് സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ അറസ്റ്റില്‍
അടൂര്‍: അഞ്ചലിലെ ഉത്രയുടെ കൊലപാതകം ആസൂത്രിതമാണെന്നതിന് കൂടുതല്‍ തെളിവുകള്‍. ഉത്രയുടെ സ്വര്‍ണം സൂരജിന്റെ വീടിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സൂരജിന്റെ പിതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. രാത്രി 10 മണിയോടെ സുരേന്ദ്രനെ ജീപ്പില്‍ കയറ്റി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ഉത്രയെ കൊല്ലാന്‍ പോകുന്നുവെന്ന് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു എന്ന് സൂചന നല്‍കുന്നതാണ് സുരേന്ദ്രന്റെ അറസ്റ്റ്. സ്വര്‍ണം ഒളിപ്പിച്ചുവെന്ന കുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. പിന്നീടിത് ഗൂഢാലോചനക്കുറ്റമായി മാറാനും സാധ്യതയുണ്ട്. രാത്രി ഏഴരയോടെ കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂരജിന്റെ വീടിന് താഴ് വശത്ത് വയലില്‍ നട്ട റബറിന് സമീപത്ത് രണ്ടിടത്തായി കുഴിച്ചിട്ട നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. ഇത് 37.5 പവന്‍ വരും. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ സ്വര്‍ണം ഉത്രയുടെ വീട്ടുകാര്‍ കൊണ്ടു പോയെന്നാണ് സൂരജിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞത്. അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തില്ല. തുടര്‍ന്ന് സുരേന്ദ്രനെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണം ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്.
ചൊവ്വാഴ്ച ബാങ്ക് ലോക്കര്‍ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അശോകന്‍ പറഞ്ഞു. ഇന്നലെ ഉച്ച മുതല്‍ ക്രൈം ബ്രാഞ്ച് സംഘം ഇവിടെ പരിശോധന നടത്തി വരികയായിരുന്നു. വൈകിട്ട് മൂന്നരയോടെ സംഘം മടങ്ങി. വീണ്ടും ആറരയ്ക്ക് തിരികെ എത്തിയാണ് സ്വര്‍ണം കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങിയത്. നേരത്തേ സംഘം വീടിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ഉത്രയ്ക്ക് ആദ്യമായി പാമ്പ് കടിയേറ്റ മുറിയില്‍ പരിശോധന നടത്തുകയും ചെയ്തു. വിരളടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. സൂരജിന്റെ വീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സൂരജിന്റെ മാതാപിതാക്കളേയും സഹോദരിയേയും നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. പറക്കോടുള്ള സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം നേരിട്ടിരുന്നുവെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് പോലീസിനോട് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി എത്തിയത്.
Your comment?