
കൊച്ചി : നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വന്നു. സെര്‍ച്ചില്‍ വരാന്‍ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് ഫെയര്‍കോഡ് ടെക്‌നോളജീസ് പുറത്തുവിട്ടു. ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍ മദ്യത്തിനുള്ള ബുക്കിങ് സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാല്‍ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കിയെങ്കിലും ഗൂഗിള്‍ കൂടുതല്‍ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവില്‍ വരാന്‍ വൈകിയതെന്നു ഫെയര്‍കോഡ് ടെക്‌നോളജീസ് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ യൂസര്‍ മാന്വല്‍ പുറത്തു പോയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആര്‍ക്കെങ്കിലും ടോക്കണുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകള്‍ക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവില്‍പന ആരംഭിക്കുക.
ആപ്പിന്റെ എപികെ ഫയല്‍ ചോര്‍ന്നത് കമ്പനിയില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ അല്ല. കര്‍ശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ മാന്വല്‍ പുറത്തു വിട്ടതും കമ്പനിയില്‍ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വല്‍ പുറത്തായത്. ഇതിലും ജീവനക്കാര്‍ ഉത്തരവാദികളല്ല’ ഫെയര്‍കോഡ് ടെക്‌നോളജീസ് പറഞ്ഞു. ആപ് വരാന്‍ മണിക്കൂറുകള്‍ വൈകിയതോടെ കമ്പനിയുടെ ഫെയ്‌സ്ബുക് പേജില്‍ അന്വേഷണങ്ങളുമായി ഉപയോക്താക്കള്‍ തിരക്കുകൂട്ടി.
Your comment?