അടൂര്‍: ഉത്ര കൊലക്കേസിലെ പ്രതി സൂരജിനെ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൂട്ടക്കരച്ചില്‍. എന്റെ മോനെവിടെ എന്ന് ചോദിച്ച് സൂരജാണ് തുടക്കമിട്ടത്. ഇവിടില്ലെന്ന് പറഞ്ഞ് മാതാവ് രേണുക കൂടെ ചേര്‍ന്നു. ചേട്ടനും അമ്മയും കരയുന്നത് കണ്ടപ്പോള്‍ സൂരജിന്റെ സഹോദരി സൂര്യയും ഒപ്പം ചേര്‍ന്നു. ആകെപ്പാടെ ബഹളം. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സൂരജിനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. ഡിവൈഎസ്പി അശോകിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചും കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെ സ്ട്രൈക്കിങ്് ഫോഴ്സും സുരക്ഷ ഒരുക്കി.
കൂട്ടുപ്രതി പാമ്പ് സുരേഷും ഉണ്ടായിരുന്നു. മുന്‍വശത്തെ വാതില്‍ വഴി അകത്ത് പ്രവേശിച്ച ശേഷം പടിക്കെട്ടില്‍ ഉത്ര പാമ്പിനെ കണ്ട സ്ഥലം സൂരജ് പോലീസിന് കാട്ടികൊടുത്തു. ആദ്യ കടിക്ക് ഉപയോഗിച്ച അണലിയെ സൂക്ഷിച്ച വിറകുപുരയിലും സൂരജിനെ എത്തിച്ചു. തുടര്‍ന്ന് പടിക്കെട്ട് കയറ്റി സ്വന്തം മുറിയിലേക്ക്. ഉത്രയെ കടിച്ച അണലി പാമ്പിനെ ചാക്കിലാക്കിയ ശേഷം ടെറസിന്റെ മുകളിലൂടെ താഴേക്ക് വലിച്ചെറിഞ്ഞതും അത് വീണുകിടന്ന ഭാഗവും സൂരജ് കാട്ടികൊടുത്തു. ഒന്നാം നിലയിലെ തെളിവെടുപ്പ് അര മണിക്കൂറോളം നീണ്ടുനിന്നു. അടുക്കള വഴിയാണ് പാമ്പിനെ എറിഞ്ഞ സ്ഥലം കാട്ടികൊടുക്കുന്നതിനായി കൊണ്ടു പോയത്.തുടര്‍ന്ന് അതേ വഴി തന്നെ തിരിച്ച് ഹാളില്‍ എത്തിച്ചു.ഈ സമയം അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാന്‍ ഹാളില്‍ എത്തി. ഇതോടെ സൂരജ് പൊട്ടികരഞ്ഞു.
പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ജീപ്പിലേക്ക് കയറ്റി ഈ സമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. കൊട്ടാരക്കരയിലേക്കുള്ള യാത്രാ മധ്യേ അടൂരിലുള്ള സൂരജ് ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിന് അടുത്ത് എത്തിച്ച ശേഷം സമീപത്തെ കടമുറികളും മറ്റും പോലീസ് നിരീക്ഷിച്ചിരുന്നു. തെളിവെടുപ്പിനായി സൂരജിനെ കൊണ്ടുവരുന്നതിറഞ്ഞ് വീടിന്റെ പരിസരത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.പ്രതികളെ എത്തിക്കുന്ന സമയമായപ്പോഴേക്കും വീട്ടിലേക്കുള്ള പ്രധാന പാതയില്‍ നിന്നവരെ പോലീസ് ഒഴിപ്പിച്ചു.തുടര്‍ന്ന് പതിനഞ്ച് മിനിറ്റിനകം പ്രതികളുമായി പോലീസ് എത്തി. പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്‍പ് പത്തരയോടെ ഉത്രയെ കടിപ്പിച്ച പാമ്പിനെ കൈമാറിയ ഏനാത്തും പോലീസ് തെളിവെടുത്തു.
Your comment?