കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ചൊവ്വാഴ്ച രാവിലെയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. പുറത്തെടുത്ത മൂര്‍ഖന്‍ പാമ്പില്‍നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
152 സെന്റി മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെയാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത്. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ആറ് സെന്റിമീറ്ററാണ് വിഷപ്പല്ലിന്റെ നീളം. ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ പാമ്പിന്റെ ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നേരത്തെ അറിയിച്ചിരുന്നു.
ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച ‘ആയുധ’മായ മൂര്‍ഖന്‍ പാമ്പില്‍നിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് പോലീസിന്റെ ആശ്രയം. ഏറെ വെല്ലുവിളി നിറഞ്ഞ കേസാണ് ഇതെന്ന് റൂറല്‍ എസ്.പി. ഹരിശങ്കറും നേരത്തെ പ്രതികരിച്ചിരുന്നു. എന്തുവന്നാലും 80 ദിവസത്തിനകം കേസില്‍ കുറ്റപത്രം നല്‍കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Your comment?