കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനില്‍ ഉള്ളയാള്‍ക്ക് എത്തിച്ച ഉച്ചഭക്ഷണത്തിനൊ്പ്പം കഞ്ചാവ് പൊതി
അടൂര്‍: കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റീനില്‍ കഴിയുന്ന യുവാവിന് എത്തിച്ചു നല്‍കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒരു പൊതി കഞ്ചാവ് കണ്ടെടുത്തു. സെന്ററിലെ വോളന്റിയര്‍മാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. അടൂര്‍ സൈലന്റ്വാലി കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് ഉച്ചയ്ക്ക് 12.45 നാണ് സംഭവം. ഹൈദരാബാദില്‍ നിന്നെത്തി ഇവിടെ ക്വാറന്റീനില്‍ കഴിയുന്ന ആനയടി കൈതയ്ക്കല്‍ നിര്‍വൃതിയില്‍ ജോബിന് (23) വേണ്ടി കൊണ്ടു വന്ന ഉച്ചഭക്ഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിനോദ് എന്ന സുഹൃത്താണ് ഭക്ഷണവുമായി വന്നത്.
കോവിഡ് സെന്ററില്‍ വോളന്റിയര്‍മാരായ സജിന്‍, നിതിന്‍ എന്നിവര്‍ ഭക്ഷണം പരിശോധിച്ചു നോക്കിയപ്പോള്‍ ഹല്‍വ നെടുകെ കീറി അതില്‍ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇത് ഏകദേശം മൂന്നു ഗ്രാം കാണുമെന്നാണ് പോലീസിന്റെ നിഗമനം. വോളന്റിയര്‍മാര്‍ വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.
ഇവരുടെ മൊഴി എടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പുറത്തു നിന്നോ വീട്ടില്‍ നിന്നോ ഭക്ഷണം എത്തിക്കുന്നതിന് തടസമില്ല. ഇങ്ങനെ എത്തിക്കുന്ന ഭക്ഷണം വോളന്റിയര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമാകും ഉള്ളിലേക്ക് കയറ്റി വിടുക. ജോബിന് ഭക്ഷണം എത്തിച്ച വിനോദിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വിനോദ് എന്ന പേര് മാത്രമാണ് ഇയാള്‍ കോവിഡ് സെന്ററിലുള്ളവരോട് പറഞ്ഞത്. ഭക്ഷണമെത്തിച്ചയാളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന.
Your comment?