കോവിഡ്: സ്ഥിരീകരിച്ചത് ഖത്തറില്‍ നിന്ന് വന്ന പള്ളിക്കലുകാരനും ദുബായില്‍ നിന്ന് വന്ന ഇടിഞ്ഞില്ലത്തുകാരനും
അടൂര്‍: പത്തനംതിട്ട ജില്ലയില്‍ പുതിയതായി രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 ന് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ പള്ളിക്കല്‍ സ്വദേശിയായ 39 വയസുകാരനും 11 ന് ദുബായില്‍ നിന്നും തിരിച്ചെത്തിയ തിരുവല്ല ഇടിഞ്ഞില്ലം സ്വദേശിയായ 65 വയസുകാരനുമാണ് കോവിഡ് പോസിറ്റീവായത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ജില്ലയില്‍ നാലുപേരാണ് രോഗികളായുള്ളത്. പള്ളിക്കല്‍ സ്വദേശി അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇടിഞ്ഞില്ലം സ്വദേശി പത്തനംതിട്ട ശാന്തി ലോഡ്ജിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ജില്ലയില്‍ ആകെ 19 പേരാണ് വിവിധ ആശുപത്രികളിലായി ഐസൊലേഷനിലുള്ളത്. ഇന്നലെ പുതിയതായി മൂന്നുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. ആകെ 2454 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളിലും വിദേശത്തും നിന്ന് വരുംദിവസങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സംബന്ധിച്ച് ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗവും കൂടാന്‍ സാധ്യതയുണ്ട്. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യണം. മഴക്കാലം ശക്തിപ്പെടുന്നത് മുന്നില്‍ക്കണ്ട് കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമേയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ തുടരണമെന്നും മന്ത്രി പറഞ്ഞു.
Your comment?