പാത്രം, കണ്ണാടി, റേഡിയോ, ഫോട്ടോകള്‍…വീട്ടിലെ സകലമാന സാധനങ്ങളും ‘പ്രേതം’ വലിച്ചു പുറത്തിട്ടു: ഫ്രിഡ്ജിന് ഭാരക്കൂടുതലുള്ള കാരണം ‘പ്രേത’ത്തിന് എടുക്കാനായില്ല: അടൂരിലെ കുട്ടിപ്രേതങ്ങള്‍ നാട്ടുകാരെയും പൊലീസിനെയും വലിച്ചു
അടൂര്‍: ടിവിയില്‍ വരുന്ന പ്രേതസിനിമികള്‍ എല്ലാം കണ്ട് ഹരം കയറിയ രണ്ടു കുട്ടികള്‍ ചേര്‍ന്ന് വീട്ടില്‍ നടത്തിയ ചാത്തനേറില്‍ നാട്ടുകാരും പൊലീസും വലഞ്ഞു. സ്വന്തം വീട്ടിലെ ഉപകരണങ്ങളാണ് വലിച്ച് പുറത്തേക്ക് എറിഞ്ഞത്. പ്രേതശല്യമാണെന്ന് മുത്തശിയെ തെറ്റിദ്ധരിപ്പിക്കാനും കുട്ടികള്‍ക്കായി. ഒടുക്കം പൊലീസ് വന്ന് കുട്ടിപ്രേതങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ചാത്തനേറ് സ്വന്തമായിട്ടാണ് നടത്തിയത് എന്ന് ഇവര്‍ സമ്മതിച്ചത്.
പള്ളിക്കലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. പാത്രങ്ങള്‍, കണ്ണാടി, ഫോട്ടോകള്‍, കസേര, റേഡിയോ, സാധനങ്ങള്‍ ഇട്ടു വച്ചിരുന്ന പാത്രങ്ങള്‍ എന്നു വേണ്ട ടിവിയും ഫ്രിഡ്ജും ഒഴികെ എല്ലാ സാധനങ്ങളും പുറത്തെത്തി. ഇതില്‍ കൂടുതലും പൊട്ടിയ നിലയിലും. വീടിന് പുറത്ത് ഈ സമയത്തുണ്ടായിരുന്നത് 80 വയസുള്ള മുത്തശ്ശിയും ഏഴാംക്ലാസുകാരനായ കൊച്ചുമകനും അയല്‍പക്കത്തെ നാലാംക്ലാസുകാരനും മാത്രം. അച്ഛനും അമ്മയും അക്ഷയയില്‍ പോയി തിരികെ വരുമ്പോഴേക്കും സാധനങ്ങള്‍ പുറത്തേക്കെറിഞ്ഞു തീര്‍ത്തു. കാര്യമറിഞ്ഞ് നാട്ടുകാരും കൂടി. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.
എസ്ഐ. അനൂപിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസിന്
ആദ്യമേ സംഭവത്തില്‍ പന്തികേട് തോന്നി. ഏഴാം ക്ലാസുകാരന്റെ സംഭവ വിവരണം കൂടി കേട്ടതോടെ പോലീസിന്റെ സംശയം വര്‍ദ്ധിച്ചു. ചേര ഇഴഞ്ഞുപോയതായും പാത്രങ്ങള്‍ പറന്ന് പുറത്തുവന്നതായും അകത്ത് ആരോ നടക്കുന്ന ശബ്ദം കേട്ടതായും കൂട്ടി പോലീസിനോട് പറഞ്ഞു.
സംഭവസമയത്ത് കൂടെ ആരുണ്ടായിരുന്നുഎന്ന പോലീസ് ചോദ്യത്തില്‍ സമീപത്തെ വീട്ടിലെ നാലാം ക്ലാസുകാരനായ സുഹൃത്ത് ഉണ്ടായിരുന്നു എന്ന മറുപടിയും പറഞ്ഞു. തുടര്‍ന്ന് എ.എസ്.ഐ. കെ.ബി.അജിയും എസ്.സി.പി.ഒ. ഗോപകുമാറും ചേര്‍ന്ന് നാലാം ക്ലാസുകാരനോട് കൂടുതല്‍ ചോദിച്ചു. ഏഴാം ക്ലാസുകാരന്‍ എല്ലാം പറഞ്ഞുവെന്നും നീയാണ് ഇത് ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇതോടെ എല്ലാം ചെയ്തത് ഏഴാം ക്ലാസുകാരനായ ചേട്ടനാണെന്നും ഞാന്‍ അവസാനത്തെ രണ്ടു പാത്രം മാത്രമേ എറിഞ്ഞുള്ളൂവെന്നും നാലാംക്ലാസുകാരന്‍ പറഞ്ഞു. മുത്തശിയുടെ കൂടെ ഒരു കുട്ടി നില്‍ക്കുമ്പോള്‍ മറ്റവന്‍ അകത്തു കയറി സാധനങ്ങള്‍ പുറത്തേക്ക് എറിയും. പ്രേതമാണെന്ന് പറഞ്ഞ് പാവത്തിനെ വിരട്ടുകയും ചെയ്തു. രണ്ടുപേരെയും ഒന്നിച്ചു നിര്‍ത്തി വീട്ടുകാരുടെ മുമ്പില്‍ വച്ച് സത്യം പറയിപ്പിച്ചപ്പോള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുതള്ളി.
Your comment?