
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിലെ രണ്ടാംഘട്ട പ്രഖ്യാപനങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രണ്ടാംഘട്ട പാക്കേജിലെ പ്രഖ്യാപനങ്ങള്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ മോദി ഇക്കാര്യം വ്യക്തമാക്കിയത്.
‘ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ പ്രധാനമായും രാജ്യത്തെ കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളുകള്‍ക്കും ഗുണം ചെയ്യും’, മോദി ട്വീറ്റ് ചെയ്തു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും വായ്പ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള മികച്ച നടപടികള്‍ പ്രഖ്യാപനത്തിലുണ്ടെന്നും മോദി ചൂണ്ടിക്കാണിച്ചു.
ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികളാണ് രണ്ടാംഘട്ട പക്കേജില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരുന്നത്. അടുത്ത രണ്ട് മാസത്തേക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം, വഴിയോര കച്ചവടക്കാര്‍ക്ക് 5000 കോടിയുടെ വായ്പ, കര്‍ഷകര്‍ക്ക് 30000 കോടിയുടെ വായ്പ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളാണ് വ്യാഴാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
Your comment?