കോവളം: കാറിന്റെ ഡിക്കിയില്‍ നിന്ന് സാധനങ്ങളെടുത്തശേഷം അത് അടയ്ക്കാഞ്ഞത് ഇത്രവലിയ ആശങ്കയ്ക്ക് കാരണമാകുമെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല. മുറ്റത്തുനിന്ന ഒരുവയസ്സുകാരി അമാന പിച്ചവെച്ച് നടന്നുകയറിയത് കാറിന്റെ ഡിക്കിക്കുള്ളില്‍. കയറിയപാടേ ഡിക്കിയുടെ വാതിലുമടച്ചു. തിണ്ണയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിന്നനില്‍പ്പില്‍ കാണാതായതോടെ വീട്ടുകാര്‍ ഭയന്നു. ആളുകൂടി നാലുപാടും തിരഞ്ഞു.
കാറിനുള്ളില്‍ ചെറിയ ശബ്ദം കേട്ടതാണ് അങ്ങോട്ടേക്ക് ശ്രദ്ധപതിയാന്‍ കാരണം. ഡിക്കിക്കുള്ളില്‍ കുഞ്ഞുണ്ടെന്ന് കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം നേരെവീണത്. എന്നാല്‍ ആശ്വാസനിമിഷങ്ങള്‍ നീണ്ടുനിന്നില്ല. കാറിന്റെ നാലുവാതിലും ചില്ലും പൂട്ടിക്കിടക്കുകയായിരുന്നു താക്കോല്‍ തിരഞ്ഞപ്പോഴാണ് അതും കുഞ്ഞിന്റെ കൈയിലാണെന്ന് അറിഞ്ഞത്.
ഇതോടെ വീട്ടുകാരും തിരയാനെത്തിയ അയല്‍വാസികളും പരിഭ്രമത്തിലായി. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കാറിന്റെ വാതില്‍ തുറക്കാനായില്ല. ഒടുവില്‍ വിഴിഞ്ഞം അഗ്‌നിശമനസേനയെ അറിയിച്ചു. അവര്‍വന്ന് സ്‌കെയിലും മറ്റും ഉപയോഗിച്ച് ചില്ലുകള്‍ താഴ്ത്തി വാതില്‍തുറന്ന് കുഞ്ഞിനെയെടുത്തു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനം. അല്പം പരിഭ്രമിച്ചിരുന്നെങ്കിലും വീട്ടുകാരെ ചുറ്റും കാണാവുന്നതിനാല്‍ കുഞ്ഞ് കരഞ്ഞില്ല. തനിക്കു വേണ്ടിയാണ് ചുറ്റുപാടും നടക്കുന്ന ബഹളമെന്നറിഞ്ഞില്ലെന്നുമാത്രം.
കോവളം കമുകിന്‍കോട് സ്വദേശി അന്‍സാറിന്റെ മകളാണ് അമാന. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ. രവീന്ദ്രന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ രാജശേഖരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Your comment?