കോന്നിയില്‍ നരഭോജിക്കടുവ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തി
കോന്നി: വനമേഖലയില്‍ വീണ്ടും നരഭോജിക്കടുവയുടെ വിളയാട്ടം. തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ വിനീഷ് മാത്യു (40) ആണ് കൊല്ലപ്പെട്ടത്. തണ്ണിത്തോട് മേടപ്പാറയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സി ഡി വിഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
കൊക്കാത്തോട്ടില്‍ വനസംരക്ഷണ സമിതി പ്രവര്‍ത്തകന്‍ രവിയെ കഴിഞ്ഞ വര്‍ഷം കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ചിരുന്നു. തള്ളക്കടുവയും രണ്ടു കുട്ടികളും ചേര്‍ന്നാണ് അന്ന് രവിയെ ആക്രമിച്ചത്. പിന്നീട് ഇവിടെ സ്ഥാപിച്ച ക്യാമറയില്‍ കടുവകളുടെ ദൃശ്യം പതിഞ്ഞിരുന്നു.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍ മരങ്ങള്‍ പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്ന വിനീഷ് വ്യാഴാഴ്ച രാവിലെ പതിവുപോലെ സി ഡിവിഷനില്‍ എത്തിയിരുന്നു.
12 മണിയോടെ നിലവിളി ശബ്ദം കേട്ടെത്തിയ എതിര്‍വശത്തുള്ള മലയിലെ ടാപ്പിങ് തൊഴിലാളികളാണ് കഴുത്തിന് മുറിവേറ്റ മരിച്ച നിലയില്‍ വിനീഷിനെ കണ്ടെത്തിയത്. കഴുത്തിന് ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നു.ശരീര ഭാഗങ്ങളിലും മുറിവുകള്‍ ഉണ്ടായിരുന്നു. ആദ്യം പുലിയാണ് ആക്രമിച്ചെതെന്നായിരുന്നു നിഗമനം എന്നാല്‍ രണ്ട് മണിയോടെ സമീപത്തെ കാടിളക്കി കടുവ പോകുന്നത് സംഭവ സ്ഥലത്തെത്തിയവര്‍ കണ്ടു.പിന്നീട് വീണ്ടും കടുവ സമീപത്തു കൂടി കടന്നു വരികയും വനപാലകന്റെ ബൈക്ക് ആക്രമിച്ച് സീറ്റ് കടിച്ചെടുത്തു കൊണ്ടു പോവുകയുമായിരുന്നു. നാട്ടുകാര്‍ പടക്കം പൊട്ടിച്ച് രക്ഷ നേടി.
തണ്ണിത്തോട് പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
വെളളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം കഞ്ഞിക്കുഴിയിലെ വസതിയിലേക്ക് കൊണ്ടു പോകുകയും തുടര്‍ന്ന് സംസ്‌കാരം നടത്തുകയും ചെയ്യും. നാല് വര്‍ഷമായി റബര്‍ ടാപ്പിങ് കരാറുകാരനായ വിനീഷ് പ്ലാന്റേഷന്റെ ലയത്തില്‍ കഴിഞ്ഞുവരികയായിരുന്നു.
ഭാര്യ: സിനി.
Your comment?